പാലക്കാട്:ചാണ്ടി ഉമ്മനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മൻ പാലക്കാട്ട് തൻ്റെ വിജയത്തിന് വേണ്ടി പരമാവധി പരിശ്രമിച്ചിട്ടുണ്ട്. തനിക്ക് ചാണ്ടി ഉമ്മനോടോ ചാണ്ടി ഉമ്മന് തന്നോടോ ഒരു പ്രശ്‌നവുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന് പരാതിയുണ്ടെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയുമില്ല. തനിക്ക് ചാണ്ടി ഉമ്മനോടോ തിരിച്ച് അദ്ദേഹത്തിനോ ഒരു പ്രശ്‌നവുമില്ല. അദ്ദേഹം തനിക്ക് സഹോദരതുല്യനാണ്.
ചാണ്ടി ഉമ്മൻ്റെ സാന്നിധ്യം പാലക്കാട്ട് തനിക്ക് ഗുണം ചെയ്തു. കഴിയാവുന്നതിൻ്റെ പരമാവധി അദ്ദേഹം മണ്ഡലത്തിൽ ചെലവഴിച്ചു. എല്ലാവർക്കും എല്ലായിടത്തും പോകാനാവില്ല. ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രാഹുലിൻ്റെ പ്രതികണം. ഒരു എംഎല്‍എ ആയിട്ടും താന്‍ കോണ്‍ഗ്രസില്‍ തികച്ചും അസ്വസ്ഥനാണെന്ന രീതിയില്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പരസ്യ പ്രതികരണവും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇത്രയും കാലം കടിച്ചമര്‍ത്തിയ പ്രതിഷേധമാണ് ഇന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ അസംതൃപ്തിയായി പുറത്തു വന്നതെന്നും അണികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
എകെ ആൻ്റണിയുടെ മകനു പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിലേക്ക് എന്ന പ്രചാരണം ശക്തമായതോടെയാണ് സ്വന്തമായി ഒരിടം തനിക്കായി കണ്ടെത്തി മുന്നോട്ടുപോകുമെന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹത്തോടടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
അവഗണന സഹിച്ച് മുന്നോട്ടു പോകാനായിരുന്നു ശ്രമമെങ്കിലും തികഞ്ഞ അവഗണനയും അവഹേളനവും ഉമ്മന്‍ചാണ്ടിയുടെ പഴയ ശിഷ്യരില്‍ നിന്ന് നേരിടേണ്ടി വന്നത് ചാണ്ടിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് വിലയിരുത്തല്‍.
Read More: കോണ്‍ഗ്രസില്‍ വരുന്നു... 'ചാണ്ടി ഉമ്മന്‍ ഗ്രൂപ്പ്...' പഴയ എഐ ഗ്രൂപ്പുകാരെ അണിനിരത്താന്‍ ശ്രമം