തൃശൂർ:ചാവക്കാട് റോഡിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്‌റ്റഡിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മസ്‌താൻ ഷെഫീക്കിനെയാണ് ചാവക്കാട് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വീട്ടിൽ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്‌തതോടെ മദ്യലഹരിയിൽ ഷെഫീക്ക് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.
ഇന്നലെ (ജൂൺ 29) ഉച്ചയ്ക്കാണ് ചാവക്കാട് ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിൽ ഉഗ്ര ശബ്‌ദത്തോടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചത്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ പ്രദേശവാസികൾ കണ്ടത് റോഡിൽ പുക ഉയരുന്നതാണ്. ഉടൻ തന്നെ അവർ ചാവക്കാട് പൊലീസിന് വിവരം കൈമാറി.
പൊലീസ് അന്വേഷണത്തിലാണ് മണ്ണുത്തി സ്വദേശിയും രണ്ടു വർഷമായി ഒരുമനയൂരിലെ താമസക്കാരനുമായ ഷെഫീക്ക് പിടിയിലാകുന്നത്. തൃശൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സംഘമെത്തി നടത്തിയ പരിശോധനയിൽ നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.