എറണാകുളം: കേരള പൊലീസിൻ്റെ പിടിയിലായ സൈബര്‍ തട്ടിപ്പ് വീരൻ ലിങ്കൺ ബിശ്വാസ് അടുത്തിടെ വാങ്ങിയത് ഫോർച്യൂണർ കാർ. പുതിയ ആഡംബര വീടിൻ്റെ നിർമ്മാണവും പുരോഗമിക്കുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കൊച്ചി പൊലീസ് ലിങ്കൺ ബിശ്വാസിനെ പിടികൂടിയത്.
സൈബർ തട്ടിപ്പുകൾ നടത്തി വലിയ തോതിൽ പണം നേടി വിദേശ നിക്ഷേപം നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന ഇയാള്‍ പൊലീസിന് തലവേദനയായിരുന്നു. എന്നും അന്വേഷണത്തിന്‍റെ പരിധിക്ക് പുറത്തായിരുന്നു ഇയാൾ. ഒരു പിടിയും നല്‍കാതെ സമര്‍ത്ഥമായാണ് ലിങ്കൺ ബിശ്വാസ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇയാൾക്ക് രാഷ്‌ട്രീയ ഭരണ മേഖലകളിൽ വലിയ സ്വാധീനവും ഉണ്ടായിരുന്നു.
തട്ടിപ്പിനായി പുതിയ രീതികൾ
ഡിജിറ്റൽ അറസ്‌റ്റിലെന്ന് ഇരകള തെറ്റിദ്ധരിപ്പിച്ചായിരുന്നു ലിങ്കൺ ബിശ്വാസ് ഇരകളിൽ നിന്നു കോടികളും ലക്ഷങ്ങളും തട്ടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഇയാളുടെ ഫോണിൽ നിന്നും തട്ടിപ്പിനായി ഉപയോഗിക്കുന്ന ചൈനീസ് ആപ്പ് കണ്ടെത്തി. പ്രതിയുടെ കമ്പോഡിയൻ ബന്ധങ്ങളും പൊലീസ് സ്ഥിരീകരിച്ചു. ലിങ്കൺ ബിശ്വാസ് സജീവ യുവമോർച്ച പ്രവർത്തകനാണെന്നും കമ്മീഷണർ പറഞ്ഞു.
വാഴക്കാല സ്വദേശിയുടെ നാല് കോടി പതിനട്ട് ലക്ഷം ഡിജിറ്റൽ അറസ്‌റ്റിലൂടെ തട്ടിയ കേസിലാണ് കൊച്ചി പൊലീസ് ലിങ്കൺ ബിശ്വാസിനെ അറസ്‌റ്റു ചെയ്‌തത്. കൊൽക്കത്തയിലെ കൃഷ്‌ണ ഗഞ്ചിലെ താവളത്തിലെത്തിയായിരുന്നു സാഹസികമായി ഇയാളെ പിടികൂടിയത്. ഇതിനു ശേഷം ലോക്കൽ പൊലീസ് സ്‌റ്റേഷനിലെത്തിക്കാതെയായിരുന്നു തുടർ നടപടികൾ സ്വീകരിച്ചത്. ലോക്കൽ സ്‌റ്റേഷനിലെത്തിച്ചാൽ ഇയാളുടെ അനുയായികൾ തടിച്ചു കുടുമെന്ന് മനസിലാക്കിയിരുന്നു. പ്രതിയെ പിടി കൂടാൻ പ്രദേശിക പൊലീസിൻ്റെ സഹായം ലഭിച്ചെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി.
തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ നല്‍കും
വാഴക്കാല സ്വദേശിയുടെ പരാതിയിൽ റജിസ്‌റ്റർ ചെയ്‌ത സൈബർ തട്ടിപ്പ് കേസിൽ 1.30 കോടി രൂപ ഫ്രീസ് ചെയ്‌തതായി കമ്മീഷണർ പറഞ്ഞു. കബളിപ്പിക്കപ്പെട്ടവർക്ക് കോടതി നിർദ്ദേശമനുസരിച്ച് പണം തിരികെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിങ്കൺ ബിശ്വാസിൻ്റെ അക്കൗണ്ടിൽ നിന്ന് 75 ലക്ഷം രൂപ പിടിപ്പെടുത്തു. ലിങ്കൺ ബിശ്വാസ് രാഷ്‌ട്രീയ പ്രവര്‍ത്തകനായതിനാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കൊച്ചിയിൽ റജിസ്‌റ്റർ ചെയ്‌ത കേസിൽ ലിങ്കൺ ബിശ്വാസ് മൂന്നാം പ്രതിയാണ്. തട്ടിപ്പ് പണം ബിറ്റ്കോയിനാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ 10 അക്കൗണ്ടുകൾ കണ്ടെത്തി. അക്കൗണ്ടുകളിലെത്തിയ പണം പിൻവലിച്ച് വിദേശത്തേക്ക് അയച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തു. പണം പിൻവലിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുബൈ, ജയ്‌പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങിൽ എത്തുന്ന പണമിടപാടിൽ കമ്പോഡിയൻ ഐപി അഡ്രസ് ഉണ്ടായിരുന്നു. അക്കാര്യവും അന്വേഷിച്ചുവരികയാണ്. നിലവിൽ കേരളത്തിൽ ലിങ്കണെതിരെ ഒരു കേസ് മാത്രമാണുള്ളതെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം കൊച്ചിയിലെ പെൺ വാണിഭ കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണം തുടരുന്നതായി പുട്ട വിമലാദിത്യ പറഞ്ഞു. അനാശാസ്യ കേന്ദ്രവുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെ നടപടി എടുത്തെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. പണമിടപാട് നടന്നിട്ടുണ്ട്. സ്‌പാ, ലോഡ്‌ജുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി. കൊച്ചി ട്രാഫിക് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രമേശ്, പാലാരിവട്ടം സ്‌റ്റേഷനിലെ എ എസ് ഐ ബ്രിജേഷ് എന്നിവരെ പെൺ വാണിഭ കേന്ദ്രവുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.