മലപ്പുറം: ഒരോറ്റ ദിവസം കൊണ്ട് ജീവിതം കൈവിട്ട് പോകുന്നതിനെപറ്റി ചിന്തിക്കാൻ കഴിയുമോ?... അതുവരെ കണ്ട സ്വപ്‌നങ്ങള്‍, കുടുംബം, സന്തോഷം അങ്ങനെയെല്ലാം.. ഇത് അതിജീവനത്തിൻ്റെ കഥയാണ്. മലപ്പുറം വണ്ടൂർ വന്യജീവി ഫോട്ടോഗ്രാഫർ ദാസൻ വാണിയമ്പലം ലോകത്തോട് വിളിച്ചു പറഞ്ഞ ക്യാൻസറിനെ ആത്മധൈര്യം കൊണ്ട് തോൽപ്പിച്ച കഥ.
ഫോട്ടോഗ്രാഫർ ആയ ദാസൻ വാണിയമ്പലത്തെ ഏഴു വർഷം മുൻപാണ് രോഗം വരിഞ്ഞുമുറുക്കിയത്. അർബുദം ബാധിച്ച് നാക്കിൻ്റെ ഒരു ഭാഗം മുറിച്ച് മാറ്റേണ്ടി വന്നു അദ്ദേഹത്തിന്. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കഷ്‌ടപ്പാട്...
വെള്ളം പോലും ഇറക്കാനാവാതെ കഴിച്ചുകൂട്ടിയത് ഒരു വർഷം. രണ്ടു വർഷത്തിനുശേഷമാണ് സംസാരശേഷി തിരിച്ചുകിട്ടിയത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ സജീവമായതോടെ രോഗവും അകന്നു പോയെന്നാണ് ദാസന്‍ വാണിയമ്പലം പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അങ്ങനെ ഒരിക്കൽ നിശബ്‌ദനാക്കിയ ക്യാൻസറിനെ തൻ്റെ ആത്മധൈര്യം കൊണ്ട് തോൽപ്പിച്ച ദാസൻ വാണിയമ്പലം ഇപ്പോള്‍ സ്വന്തം ബൈക്കിൽ മലകളും കാടും തേടിയുള്ള ഓട്ടത്തിലാണ്. അദ്ദേഹത്തിന്‍റെ ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്.
രാജ്യത്തിൻ്റെ പ്രധാന വനമേഖലകളിൽ എല്ലാമെത്തി ദിവസങ്ങൾ തങ്ങി ക്ഷമാപൂർവം ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് ഇപ്പോൾ ദാസൻ. അടുത്ത മാസം കർണാടകയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ദാസൻ വാണിയമ്പലത്തിൻ്റെ സ്റ്റുഡിയോയിൽ എത്തിയാൽ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പലവിധ ക്യാമറകളും കാണാം.
ക്യാൻസർ വന്നു ഭേദമായതിനു ശേഷം ഭാര്യക്കും മൂന്നു പെൺമക്കൾക്കും ഒപ്പമുള്ള ഫോട്ടോയാണ് തൻ്റെ ജീവിതത്തില്‍ ഏറ്റവും ഭംഗിയേറിയ ക്ലിക്ക് എന്നാണ് ദാസൻ പറയുന്നത്. ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍, കാടിൻ്റെ വന്യതയും വശ്യതയും പകര്‍ത്തി ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട് അദ്ദേഹത്തിന്.