തൃശ്ശൂർ: കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യര്‍ റോഡിന് സമീപം പൂനം നിവാസില്‍ വിശാല്‍, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. മരിച്ചത് പാലക്കാട് കൊല്ലങ്കോട് സ്വദേശി 66 വയസ്സുള്ള രവിയാണെന്ന് പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിന്‍റെ ഉടമകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്.
23ന് രാത്രി ഒന്‍പത് മണിയോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതിനിടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ഗേറ്റിനു സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാര്‍ അബദ്ധത്തില്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കാറിന്‍റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Also Read:പിറന്നാൾ സമ്മാനം വാങ്ങാൻ പോയ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം - Accident In Kottayam Woman Died