വയനാട് :മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് 10.30ഓടെയാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചു.
ഗോത്രവിഭാഗക്കാരായ ഇവർ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്‌മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അതേസമയം മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് (ജനുവരി 25) ഹർത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. അതിനിടെ നരഭോജിക്കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
അതേസമയം വയനാട്ടില്‍ രാധയെ കൊന്ന കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞെന്ന് ഫോറസ്‌റ്റ് സിസിഎഫ് കെഎസ് ദീപ പറഞ്ഞു. കടുവയുടെ ചിത്രം അനലൈസ് ചെയ്യുകയാണെന്നും കടുവയെ വൈകാതെ തിരിച്ചറിയാൻ കഴിയുമെന്നും ദീപ വ്യക്തമാക്കി.
വനം വകുപ്പിന്‍റെ ഡാറ്റാ ബേസിൽ ഉള്ള കടുവയാണോ എന്ന് പരിശോധിക്കുമെന്നും അവർ പറഞ്ഞു. മാത്രമല്ല, ഉച്ചയോട് കൂടി കൂട്ടില്‍ കയറ്റാനുള്ള പ്ലാന്‍ തയാറാക്കുമെന്നും ദീപ അറിയിച്ചു. പട്രോളിങ്ങിനായി കൂടുതല്‍ ആര്‍ആര്‍ടി ടീം എത്തുമെന്നും പഞ്ചാരക്കൊല്ലിയിലും പരിസരത്തെ ജനവാസമേഖലകളിലും പട്രോളിങ് ശക്തമാക്കുമെന്നും അവർ അറിയിച്ചു.