കോഴിക്കോട് :ഒളവണ്ണക്ക് സമീപം കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ തോണി മറിഞ്ഞു കാണാതായ താമരശ്ശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസിൻ്റ(54) മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
മാട്ടുമ്മൽ നിന്നു ചെറിയമാടിലേക്ക് വരികയായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച തോണി ചൊവ്വാഴ്‌ച വൈകിട്ട് 6.30നാണ് ഒഴുക്കിൽപ്പെട്ടു മറിഞ്ഞത്. തോണിയിലെ നാലുപേരെ ഈ ഭാഗത്തുണ്ടായിരുന്നവർ മറ്റ് തോണികളിൽ എത്തി രക്ഷപ്പെടുത്തിയിരുന്നു.
എന്നാൽ ചന്ദ്രദാസിനെ രക്ഷിക്കാൻ ആയില്ല. തുടർന്ന് മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. മീഞ്ചന്ത ഫയർ യൂണിറ്റ് സ്‌കൂബ ടീമും നല്ലളം പൊലീസും നാട്ടുകാരും ചേർന്ന് ചൊവ്വാഴ്‌ച രാത്രി മുതൽ ബുധനാഴ്‌ച ഉച്ചവരെ തെരച്ചിൽ നടത്തി മടങ്ങി. അതിനിടെയാണ് സന്ധ്യയോടെ പുഴയോരത്ത് നിന്ന അതിഥി തൊഴിലാളി ചാലിയാറിൽ അപകടം നടന്നതിന്‍റെ അടുത്തായി ചന്ദ്രദാസിന്‍റെ ശരീരം ആദ്യം കണ്ടത്. തുടർന്ന് പരിസരവാസികളുടെ സഹായത്തോടെ മൃതശരീരം കരക്കെത്തിച്ചു.