കേരള സ്റ്റോറി ഒരിക്കലും റിയല്‍ സ്റ്റോറി അല്ല - ബിനോയ് വിശ്വം
കാസർകോട് :നിരവധി വിവാദങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് ചർച്ച വിഷയമാകുന്ന കേരള സ്‌റ്റോറി എന്ന സിനിമ ഒരിക്കലും ഒരു റിയല്‍ സ്‌റ്റോറി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുന്നിൽവച്ച് കൊണ്ട് ബിജെപി കളിക്കുന്ന ഒരു കളിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് മുസ്‌ലിങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍ ആകാം. ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ കേരള സ്‌റ്റോറി കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് ആശയങ്ങളെ ഇവര്‍ വെള്ളപൂശുന്നുവെന്നും ഇവർ ചെയുന്നത് എന്താണെന്നു ഇവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നത്. തേതരത്വമാണ് ഇന്ത്യയുടെ ഭാവി എന്നാണ് ചിന്തിക്കുന്നവരെല്ലാം പറയുന്നത്. ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുറപ്പിച്ച് പറയാൻ കഴിയുന്ന എത്ര പേർ കോൺഗ്രസിലുണ്ട്. ജയിച്ചു പോകുന്ന കോൺഗ്രസുകാർ നാളെ ബിജെപിയാവാം. ഇന്നത്തെ കോൺഗ്രസ് നാളത്തെ കോൺഗ്രസ് എന്നല്ല പറയേണ്ടത്. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചക്കത്തെ ബിജെപി എന്നാണ് പറയേണ്ടത്.
ബിജെപിക്ക് വേണ്ടി നെയ്യാകാൻ വെണ്ണയായി കാത്തിരിക്കുന്ന കോൺഗ്രസുകാരുണ്ട്. ബിജെപിയെ ഭയപ്പെട്ട് ലീഗിനെ മാറ്റി നിർത്താൻ സ്വന്തം കൊടി ഉപേക്ഷിച്ചവരാണ് കോൺഗ്രസുകാർ. അനിൽ ആൻ്റണി രാഷ്ട്രീയത്തിലെ ഗതികെട്ട തമാശയാണ്. ആ തമാശയിൽ എകെ ആൻ്റണിയുടെ ദുഃഖം ഇന്നലെ കണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Also Read : കേരള സ്‌റ്റോറി പൂർണമായും വസ്‌തുത വിരുദ്ധം; പാളയം ഇമാം വി പി സുഹൈബ് മൗലവി - Eid Ul Fitr Message