ഇടുക്കി:കഴിഞ്ഞ അഞ്ച് മാസമായി അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ചപ്പാത്ത് പുതുപ്പറമ്പിൽ ബിനോജ് മോഹനന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. ബിനോജിൻ്റെ പിതാവ് മോഹനൻ്റെ പരാതിയിൽ 100 ദിവസം ഇരുട്ടിൽ തപ്പിയ പൊലീസും അന്വേഷണവും അവസാനിപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് കാട്ടി മുഖ്യമന്ത്രിക്ക് അടക്കം കുടുംബം നൽകിയ പരാതിയിലും നടപടിയില്ല.
അജ്ഞാത അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന ബിനോജിൻ്റെ തുടർ ചികിത്സക്ക് പോലും പണം ഇല്ലാതെ ബുദ്ധിമുട്ടുകയുമാണ് കുടുംബം. ലക്ഷങ്ങൾ ചിലവഴിച്ച് വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയിട്ട് ബിനോജിൻ്റെ ബോധം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞില്ല. മൊഴിയെടുക്കാനോ, തെളിവ് ശേഖരിക്കാനോ കഴിയാത്തതാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
2023 ഒക്ടോബർ 24 രാത്രി 10 മണിയോടെ വീടിന് മുൻവശത്തെ റോഡരികിൽ ഒരാൾ കിടക്കുന്നുവെന്ന് അതുവഴി വാഹനത്തിൽ വന്ന യാത്രക്കാരാണ് പിതാവ് മോഹനനെ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് മകൻ ബിനോജാണെന്ന് അപ്പോഴാണ് മോഹനൻ അറിഞ്ഞത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 10 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് വിദഗ്‌ധ ചികിത്സ നൽകിയിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. പൊലീസ് അന്വഷണവും എങ്ങുമെത്തിയില്ല. അന്വേഷണം തൃപ്‌തികരമല്ലെന്ന് കാണിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ജനുവരി 31ന് കേസ് അന്വേഷണം നിർത്തിയെന്ന അറിയിപ്പാണ് ഉപ്പുതറ പൊലീസിൽ നിന്നും പിതാവിന് കിട്ടിയത്.