കർഷക തിലകം പുരസ്‌കാര നിറവിൽ ബിന്ദു (ETV Bharat) കണ്ണൂർ:കാക്കമണി ബിന്ദുവിന്‍റെ ജീവിത്തിൽ അലിഞ്ഞ് ചേർന്ന പ്രവര്‍ത്തിയാണ് കൃഷി. അതിരാവിലെ മുതൽ സ്വന്തം പാടവും മറ്റ് കർഷകരുടെ പാടവും ഉഴുതുമറിച്ച് ബിന്ദു മണ്ണിലേക്ക് ഇറങ്ങിയത് വെറുതെ ആയില്ല. 25 വർഷത്തെ ആ കാർഷിക തപസ്യക്കുള്ള അംഗീകാരമായി അവരെ തേടിയെത്തിയത് സംസ്ഥാന സർക്കാരിന്‍റെ മികച്ച വനിതാ കർഷകയ്‌ക്കുള്ള കർഷകതിലകം പുരസ്‌കാരമാണ്. ബിന്ദുവിന് പുരസ്‌കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ആ നാടും നാട്ടുകാരും.
സ്വന്തമായുള്ള 15 സെന്‍റ് കൃഷിയിടത്തിന് പുറമേ വിവിധ സ്ഥലങ്ങളിൽ 50 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയാണ് ഈ 48 കാരി വിജയം കൊയ്‌തത്. നെല്ല്, പച്ചക്കറികൾ, ഉഴുന്ന്, ചെറുപയർ, എള്ള്, മുതിര, ചേന, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിവിധ പാടശേഖരങ്ങളിൽ നിലമൊരുക്കന്നതിലും കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലും വിദഗ്‌ധയാണ് ബിന്ദു.
കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല ബിന്ദുവിന്‍റെ കാർഷിക ജീവിതം. വളരെ ചെറിയ ബ്രഷ് കട്ടർ മുതൽ ലക്ഷങ്ങൾ വില വരുന്ന മെതിയന്ത്രം വരെ ബിന്ദു സ്വന്തമാക്കിയിട്ടുണ്ട്. ഇവയെല്ലാം കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അവർ സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ഇവയെല്ലാം അനായാസമായാണ് ബിന്ദു കൈകാര്യം ചെയ്യുന്നത്. കൂടാതെ ഇവ റിപ്പയറിങ് ചെയ്യുന്നതിലും അവർ സമർത്ഥയാണ്. കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും അവർ നൽകുന്നുണ്ട്.
2013 ലെ മികച്ച കർഷക തൊഴിലാളിക്കുള്ള കൃഷിവകുപ്പിന്‍റെ ശ്രമശക്തി പുരസ്‌കാരവും ബിന്ദുവിനെ തേടിയെത്തിയിട്ടുണ്ട്. ബസ് ഡ്രൈവറായ ഭർത്താവ് ടി മനോഹരൻ ബിന്ദുവിനെ കൃഷിയിൽ സഹായിക്കാൻ കൂടെ തന്നെയുണ്ട്. കുടുംബവും കൃഷിവകുപ്പും നൽകുന്ന പ്രോത്സാഹനമാണ് കൃഷിയിൽ വിജയത്തിന് പിന്നിലെന്ന് ബിന്ദു പറയുന്നു.
Also Read:തെങ്ങിൽ കയറാൻ ആളെ തപ്പണ്ട, ഇനി നിലത്ത് നിന്നും തേങ്ങയിടാം; 'കുഞ്ഞൻ' തെങ്ങ് വികസിപ്പിച്ച് കര്‍ഷകൻ