കേരളം

kerala

ബെവ്കോയ്‌ക്ക് ആദ്യ വനിതാ എംഡി; ഹര്‍ഷിത അട്ടല്ലൂരി തലപ്പത്തെത്തുന്നത് കോര്‍പ്പറേഷനു 40 വയസ് തികയുന്ന അവസരത്തില്‍ - FIRST WOMEN BEVCO MD

By ETV Bharat Kerala Team

Published : Aug 10, 2024, 9:51 PM IST

ബെവ്കോയുടെ നിലവിലെ എംഡിയായ യോഗേഷ് ഗുപ്‌ത വിജിലന്‍സ് ഡയറക്‌ടറാകുന്ന ഒഴിവിലേക്കാണ് വനിത ഐപിഎസ് ഓഫീസറും ഐജിയുമായ ഹര്‍ഷിത അട്ടല്ലൂരി നിയമിതയായത്.

HARSHITA ATTALURI  ഹര്‍ഷിത അട്ടല്ലൂരി  ബെവ്കോ എംഡി  BEVCO
Harshita Attaluri (ETV Bharat)

തിരുവനന്തപുരം:മദ്യപിക്കുന്നിടത്ത് സ്ത്രീക്കെന്തു കാര്യം എന്നു ചോദിച്ച് ഇത് മുഴുവന്‍ പുരുഷ കുത്തകയാണെന്നു കരുതുന്ന മദ്യപര്‍ ധാരാളമുണ്ടാകും. പക്ഷേ ഇനി അത്തരം ചോദ്യമുന്നയിക്കുന്നവര്‍ ആലോചിച്ചു മാത്രം ചോദിക്കുക. കാരണം കേരളത്തില്‍ മദ്യ വില്‍പ്പനയുടെ കുത്തകയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ അഥവാ ബെവ്‌കോയുടെ തലപ്പത്ത് ഇതാദ്യമായി ഒരു വനിത എംഡി എത്തുകയാണ്.

മദ്യം എങ്ങനെ, എപ്പോള്‍, എവിടെ എന്നൊക്കെ തീരുമാനിക്കുന്നത് ഇനിമുതല്‍ ഈ വനിതയായിരിക്കും. നിലവിലെ എംഡി യോഗേഷ് ഗുപ്‌ത വിജിലന്‍സ് ഡയറക്‌ടറാകുന്ന ഒഴിവിലേക്ക് കേരളത്തിലെ ശ്രദ്ധേയയായ യുവ വനിതാ ഐപിഎസ് ഓഫീസറും ഐജിയുമായ ഹര്‍ഷിത അട്ടല്ലൂരി ബെവ്‌കോയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതാ സിഎംഡിയാകുകയാണ്.

1984 ഫെബ്രുവരി 23 ന് രൂപീകൃതമായ ബിവറേജസ് കോര്‍പ്പറേഷന്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വര്‍ഷം വരെ ഇങ്ങനെയൊരു സന്ദര്‍ഭത്തിനായി കാത്തിരിക്കേണ്ടി വന്നത് ഒരു പക്ഷേ മദ്യം വനിതകള്‍ക്ക് വിലക്കപ്പെട്ട ഒന്നായിരുന്നു എന്നതിനാലാകാം. 1982 ല്‍ അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്ന എന്‍ ശ്രീനിവാസനാണ് ബെവ്‌കോ രൂപീകരണത്തില്‍ മുന്‍ കൈയ്യെടുത്തത്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിൻ്റെ വിപണനം അതുവരെ സ്വകാര്യ വ്യക്തികള്‍ക്കായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മദ്യ വില്‍പ്പനയുടെ കുത്തക പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ അബ്‌കാരി നിയമത്തില്‍ ഭേദഗതി കൊണ്ടു വന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്.

ആദ്യ ഘട്ടത്തില്‍ സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നതെങ്കിലും 1996ലെ ചാരായ നിരോധനത്തോടെ കേരളത്തില്‍ ചില്ലറ വില്‍പ്പന പൂര്‍ണമായും ബെവ്‌കോയ്ക്ക് കീഴിലായി. പലപ്പോഴും ഇതു സംബന്ധിച്ച ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടി ഉണ്ടാകാന്‍ തുടങ്ങിയതോടെ ഐപിഎസ് ഉദ്യോഗസ്ഥരെ ബെവ്‌കോ തലപ്പത്ത് നിയമിക്കാന്‍ തുടങ്ങി.

ടിപി സെന്‍കുമാര്‍, എന്‍ ശങ്കര്‍ റെഡ്ഡി, ജേക്കബ് തോമസ്, സ്‌പര്‍ജന്‍കുമാര്‍, യോഗേഷ് ഗുപ്‌ത തുടങ്ങി നിരവധി ഐപിഎസ് ഉദ്യോഗസ്ഥര്‍ ബെവ്‌കോയുടെ സിഎംഡിയായിട്ടുണ്ട്. വിജിലന്‍സ് ഡയറക്‌ടറും ഡിജിപിയുമായ ടികെ വിനോദ്‌ കുമാര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചതോടെ ഒഴിവു വന്ന വിജിലന്‍സ് തലപ്പത്ത് ഡിജിപിയായി സ്ഥാന കയറ്റം നേടിയ യോഗേഷ് ഗുപ്‌തയെ നിയമിച്ചതോടെയാണ് ബെവ്‌കോ എംഡി സ്ഥാനത്ത് ഒഴിവു വന്നത്.

നിലവില്‍ പൊലീസ് ആസ്ഥാനത്തെ ഐജിയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി. മികച്ച ഉദ്യോഗസ്ഥ എന്ന നിലയില്‍ ഖ്യാതി നേടിയ ഹര്‍ഷിത, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍, കൊല്ലം ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവി, ദക്ഷിണ മേഖല ഐജി, ക്രൈംബ്രാഞ്ച് ഐജി തുടങ്ങിയ വിവിധ തസ്‌തികകളില്‍ മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ്.

Also Read:പ്രീമിയം മദ്യം വീടുകളിലെത്തിക്കാന്‍ ബെവ്കോ അനുകൂലം; മൗനം പാലിച്ച് സര്‍ക്കാര്‍

ആന്ധ്ര പ്രദേശ് സ്വദേശിയായ ഈ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് സിഎച്ച് നാഗരാജു, നിലിവില്‍ ക്രൈബ്രാഞ്ച് ഐജിയാണ്. നാഗരാജു തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details