തൃശൂർ : ശക്തൻ തമ്പുരാന്‍റെ മണ്ണിൽ ആവേശാരവങ്ങളോടെ ഇന്ന് പുലികളിറങ്ങും. പുലികളിയുടെ ആരവങ്ങൾ ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൗതുക കാഴ്‌ചകളുമായി ദേശങ്ങൾ ചമയപ്രദർശനം നടന്നു. സീതാറാം മിൽ ദേശത്ത് നടന്ന ചമയപ്രദർശനം ജില്ല കലക്‌ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്‌തു.
പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ തയ്യാറായിട്ടുണ്ട്.
അരമണികൾ പുലിമുഖങ്ങൾ, തോരണങ്ങൾ, കാൽചിലമ്പുകൾ തുടങ്ങി പുലികളിയിൽ എതിർ ടീമുകളെ പിന്നിലാക്കുവാൻ മികച്ച ചമയങ്ങളാണ് ഓരോ ദേശങ്ങളും തങ്ങളുടെ പുലി മടകളിൽ ഒരുക്കിയത്. ഏഴു സംഘങ്ങളാണ് ഇത്തവണത്തെ പുലികളിയിൽ പങ്കെടുക്കുന്നത്.
സസ്പെൻസുകളുമായാണ് ഇത്തവണ ഓരോ ദേശങ്ങളും പുലിമടകളിൽ നിന്നുമിറങ്ങുക. ക്രമത്തിൽ ചുവടുവച്ചു ചെണ്ടമേളത്തിൽ തലയാട്ടി കുംമ്പകുലുക്കി വരുന്ന പുലികളുടെ വരവും കാത്തിരിക്കുകയാണ് തൃശൂർക്കാർ. കാണികളുടെ പുലി ആവേശത്തെ വരവേൽക്കാൻ പുലി മടകളിൽ അവസാനവട്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുലിവരക്കായുള്ള ചമയക്കൂട്ടുകൾ തയാറാക്കുന്ന ജോലിയാണ് ആദ്യം തുടങ്ങിയത്. ഇനാമൽ പെയിന്‍റുകൾ അറക്കുന്ന ജോലികളും ദേശങ്ങൾ പൂര്‍ത്തിയാക്കി കഴിഞ്ഞു.
പുലർച്ചെ മുതൽ പുലിവേഷം കെട്ടുന്ന കലാകാരന്മാർ പുലിമടകളിൽ എത്തി ദേഹത്ത് ചായമിട്ടുതുടങ്ങി. തൃശൂർ പൂരത്തിനും, ബോൺ നതാലേക്കും തുടങ്ങി ആഘോഷങ്ങൾക്കൊക്കെയും വേദിയാകുന്ന സ്വരാജ് റൗണ്ട് പുലി താളം കൊണ്ട് മുഖരിതമാകും.
Also Read : ഓണത്തിമിര്‍പ്പിലേക്ക് മലയാളികള്‍; ശക്തന്‍റെ മണ്ണില്‍ നാലോണ നാളിൽ പുലിക്കൂട്ടമിറങ്ങും