മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് അയച്ച 13 പേരുടെ സ്രവപരിശോധന ഫലം നെഗറ്റീവ്. ഹൈ റിസ്‌ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. നിപ ബാധിച്ച് മരിച്ച നടുവത്ത് സ്വദേശിയായ യുവാവുമായി നേരിട്ട് സമ്പര്‍ക്കമുള്ള ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സ്രവം പരിശോധനക്ക് അയച്ചത്.
യുവാവിന്‍റെ റൂട്ട് മാപ്പ് അനുസരിച്ച് ജില്ലയില്‍ 175 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്‌ട് പട്ടികയിലും 49 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്‌ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്.
സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
സര്‍വേ ഇന്നും : വണ്ടൂർ, തിരുവാലി പഞ്ചായത്തുകളില്‍ പനിബാധിതരെ കണ്ടെത്തുന്നതിനായി ഇന്നും സർവേ. തിരുവാലി പഞ്ചായത്തിലെ നടുവത്ത് ശാന്തിഗ്രാമത്തില്‍ നിപ ബാധിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് വീട് കയറിയുള്ള പരിശോധന ആദ്യദിനത്തില്‍ 2060 വീടുകളില്‍ സർവേ നടത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മരണം നടന്ന വാർഡ് ഉള്‍പ്പെടെ തിരുവാലി പഞ്ചായത്തിലെ തായംങ്ങോട്, പടകളിപറമ്പ്, നടുവത്ത്, എകെജി നഗർ, കണ്ടമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന്, നാല് , അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് കാട്ടുമുണ്ട വണ്ടൂർ പഞ്ചായത്തിലെ 23-ാം വാർഡ് കാപ്പില്‍ എന്നിവിടങ്ങളിലാണ് വീടുകയറിയുള്ള സർവേ ആരംഭിച്ചത്. കാളികാവ്, തിരുവാലി, എടവണ്ണ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്കിന് കീഴില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എച്ച്‌എസ്, എച്ച്‌ഐ, ജെഎച്ച്‌ഐ, ജെപിഎച്ച്‌എൻ, പിഎച്ച്‌എൻ, എംഎല്‍എച്ച്‌പി, ആർബിഎസ്കെ നഴ്‌സുമാർ, ആശ-അങ്കണവാടി വർക്കർമാർ എന്നിവരടങ്ങുന്ന 200 ഓളം വരുന്ന സംഘമാണ് 30 ടീമുകളായി പരിശോധന നടത്തുന്നത്. വണ്ടൂർ നിപയുടെ പശ്ചാത്തലത്തില്‍ വണ്ടൂർ ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രത്യേക യോഗം ചേർന്നു.