കുടകിലെ മനോഹരകാഴ്‌ചകൾ (ETV Bharat) കണ്ണൂര്‍ :സ്‌കോട്‌ലന്‍ഡില്‍ പോകാൻ കഴിയാത്തവർ വിഷമിക്കേണ്ട, ഇവിടെ വന്നാൽ പിന്നെ സ്‌കോട്‌ലന്‍ഡില്‍ പോകേണ്ടി വരില്ല. മൂടല്‍ മഞ്ഞും ചാറ്റല്‍ മഴയും ചേര്‍ന്ന് കുടകിനെ കൂടുതല്‍ സുന്ദരിയാക്കി മാറ്റിയിരിക്കുന്നു. മഴ ഒളിച്ചുകളി നടത്തുമ്പോഴും മഞ്ഞ് തഴുകാനെത്തുന്നത് കണ്ണിന് കുളിര്‍മയേകുന്നു.
പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും മാറി മഞ്ഞും ചാറ്റല്‍ മഴയും സംഗമിക്കുന്ന കുന്നുകളും പുല്‍മേടുകളുമൊക്കെയാണ് സഞ്ചാരികള്‍ക്ക് കൂടുതല്‍ ഇഷ്‌ടം. നിബിഢ വനങ്ങളും മഞ്ഞു മൂടിയ ഹരിത മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കുടക് ഇപ്പോള്‍ അതി മനോഹരിയാണ്.
കുടക് കാണാനുള്ള ഏറ്റവും നല്ല കാലം ഇതാണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന കുടകിലെ പാതകള്‍ പോലും ഇപ്പോള്‍ മനം മയക്കുന്ന കാഴ്‌ചയാണ്. ഇടക്കിടെ തഴുകാനെത്തുന്ന കുളിര്‍ക്കാറ്റ് മനസിനേയും ശരീരത്തേയും മദിപ്പിക്കും.
വാഹനത്തില്‍ സഞ്ചരിച്ച് കുടകിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരാണ് ഏറേയും. സമുദ്രനിരപ്പില്‍ നിന്നും 1170 മീറ്റര്‍ ഉയരത്തിലാണ് കുടകിന്‍റെ തലസ്ഥാനമായ മടിക്കേരി സ്ഥിതിചെയ്യുന്നത്. താപനില ഇപ്പോള്‍ കുറഞ്ഞതിനാല്‍ അതനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചു വേണം പോകാന്‍.
കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ നിന്ന് 112 കിലോമീറ്റര്‍ ദൂരമാണ് മടിക്കേരിക്കുള്ളത്. കോഴിക്കോട് നിന്നും 175, ബംഗളൂരുവില്‍ നിന്ന് 254 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കണ്ണൂര്‍, തലശേരി ഭാഗത്ത് നിന്നും എത്തുന്നവര്‍ക്ക് മാക്കൂട്ടം മുതല്‍ കുടകിന്‍റെ സൗന്ദര്യം ആസ്വദിക്കാം. കോഴിക്കോട് നിന്നും വരുന്നവര്‍ക്ക് കുട്ട മുതല്‍ കാഴ്‌ചകള്‍ അനുഭവിച്ചറിയാം. ഹോട്ടലുകളിലെ താമസ സൗകര്യത്തിന് പുറമെ മികച്ച ഹോം സ്‌റ്റേകളും ഇവിടെ ധാരാളമുണ്ട്.
Also Read : കുടകിനെ കാക്കുന്ന കൈമടകളും ബോളൂക്കയും; കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായുള്ള സവിശേഷ ആചാരങ്ങൾ - North Kerala And Kodagu Ritual Arts