കാസർകോട് :പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പഞ്ചാമൃതത്തിന് ഉപയോഗിക്കുന്ന പഴം തരുന്ന വിരൂപാക്ഷി വാഴ കണ്ടിട്ടുണ്ടോ? ഇത് മാത്രമല്ല ഏത്തപ്പടത്തിയും മലേഷ്യയിൽ നിന്നുള്ള പിസാങ്ക് ജാരി ബുയ്യയും കുള്ളൻ കർപ്പൂരവല്ലിയും കുലശേഖര മട്ടിയുമടക്കം നിരവധി വെറൈറ്റി വാഴകൾ കാണാം ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയാൽ.
കൂട്ടത്തിൽ ഏറ്റവും ഉയരം കുറഞ്ഞതാണ് കർപ്പൂരവല്ലി. ചെറുതാണെങ്കിലും കാഴ്‌ചയിൽ സുന്ദരിയാണ്. ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ പൈതൃക വാഴ സംരക്ഷണ കേന്ദ്രത്തിലാണ് വാഴകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്.
കുട്ടിത്തോപ്പിലെ വാഴ കൃഷി (ETV Bharat) തിരുവിതാംകൂർ രാജവംശം ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതാണ് കുലശേഖര മട്ടി, ഉയരം കൂടിയ വേലിപ്പടത്തി, കടുംനീല നിറത്തിലുള്ള കൃഷ്‌ണ വാഴ, കറികൾക്ക് ഉപയോഗിക്കുന്ന പുടിമൊന്തൻ, തേൻകദളി, ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തെന്നാലി (മൈസൂർ ഏത്തൻ), അതുല്യ, പച്ചനിറമുള്ള ചിങ്ങൻ, വലിയകുന്നൻ, കൂമ്പില്ലാകണ്ണൻ, ഉയരമുള്ള മലമ്പൂവൻ, കാട്ടുപൂവൻ, പ്രതിരോധശേഷി കൂടിയ അമൃതസാഗർ, പാലക്കാട്ടുകാരുടെ പച്ചനാടൻ, വാഴക്കണ്ണൻ, ആറ്റുകദളി, പഴം ഉണക്കി കഴിക്കാവുന്ന ചെന്നാലി, ഔഷധഗുണമുള്ള ചെമ്മട്ടി, ബംഗാളി ഇനങ്ങളായ ഗൗരിയ, പച്ച ചോന്ത ബെത്തിസ, ദേശി കന്താളി, ബിഹാർ ഇനമായ ഗോത്തിയ, ആന്ധ്രയിൽ നിന്നുള്ള മങ്കുത്ത് മാൻ, തമിഴ്‌നാട്ടിൽ നിന്നുള്ള രസ്‌താളി എന്നിവയൊക്കെ വിദ്യാർഥികളുടെ വാഴത്തോപ്പിലുണ്ട്.
വാഴത്തോപ്പില്‍ വിദ്യാര്‍ഥികള്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാട്ടിൻപുറങ്ങളിൽ നിന്ന് അന്യമാകുന്ന നാൽപതോളം വാഴകളാണ് വിദ്യാർഥികൾ സംരക്ഷിക്കുന്നത്. ഓരോന്നിനെയും തിരിച്ചറിയാൻ പേരെഴുതിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ക്ലബാണ് സ്‌കൂളിൽ പല ഭാഗങ്ങളിലായി പൈതൃക വാഴത്തോട്ടം ഒരുക്കിയത്.
കുട്ടിത്തോപ്പിലെ വാഴ കൃഷി (ETV Bharat) വിവിധയിനം വാഴകളുടെ വളർച്ചാഘട്ടങ്ങൾ കുട്ടികൾ പഠിക്കുന്നുമുണ്ട്. ഓരോ ഇനത്തിന്‍റെയും ഒരു തൈ ഇവിടെത്തന്നെ വളർത്തും. ബാക്കിയുള്ളവ കർഷകർക്ക് നൽകും. അങ്ങനെ കൈമാറി ഈ അപൂർവ വാഴയിനങ്ങളെ ഏതാനും വർഷങ്ങൾക്കുള്ളിൽ കർഷകർക്കിടയിൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നു വിദ്യാർഥികൾ പറയുന്നു.
കുട്ടിത്തോപ്പിലെ വാഴ കൃഷി (ETV Bharat) വയനാട്ടിലെ വാഴ സംരക്ഷകൻ നിഷാന്തിന്‍റെ തോട്ടത്തിൽ നിന്നാണ് വാഴവിത്തുകൾ പലതും ശേഖരിച്ചത്. സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ് കോഡിനേറ്റർ എ കെ ജയപ്രകാശ്, പ്രഥമാധ്യാപിക എൽ ഷില്ലി, ക്ലബ് അംഗങ്ങളായ ആദിഷ്, ശ്രേയേഷ്, അഭിനന്ദ്, കൃത്യ, അനഘ, അതുല്യ, സ്വാധിക എന്നിവരുടെ നേതൃത്വത്തിലാണ് പൈതൃക വാഴത്തോട്ടം സംരക്ഷിക്കുന്നത്. ഉദുമ പഞ്ചായത്ത് ബിഎംസിയുടെ ധന സഹായവും സ്‌കൂൾ പിടിഎയുടെ പിന്തുണയും ഇവർക്കുണ്ട്.
വാഴത്തോപ്പില്‍ വിദ്യാര്‍ഥികള്‍ (ETV Bharat) കുട്ടിത്തോപ്പിലെ വാഴ കൃഷി (ETV Bharat) കുട്ടിത്തോപ്പിലെ വാഴ കൃഷി (ETV Bharat) വാഴത്തോപ്പില്‍ വിദ്യാര്‍ഥികള്‍ (ETV Bharat) കുട്ടിത്തോപ്പിലെ വാഴ കൃഷി (ETV Bharat) Also Read: ലോകത്തെ ഏത് വാഴക്കന്നും മാനന്തവാടിയില്‍ കിട്ടും; മൂസാ ഫ്ലോറിഡയും തായ് മൂസയും ബ്ലൂ ജാവയും മങ്കുത്തുമാനും യെങ്ങാമ്പിയും വിളയുന്ന നിഷാന്തിന്‍റെ തോട്ടം