എറണാകുളം: കേരളത്തിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും സന്ദേശമാണ് ഹജ്ജ് കര്‍മത്തിൻ്റെ പരിസമാപ്‌തിയിൽ ആഗതമായ ബലിപെരുന്നാൾ സമ്മാനിക്കുന്നത്. വിശ്വാസികൾക്ക് നന്മ നിറഞ്ഞ ജീവിതം നയിക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ വീണു പോകാതെ മുന്നോട്ട് പോകാനുള്ള കരുത്താണ് ബലിപെരുന്നാള്‍ സൃഷ്‌ടിക്കുന്നത്.
ബലിപെരുന്നാൾ ആഹ്ലാദത്തിൻ്റെ പ്രതിഫലനമാണ് മണ്ണിലും വിണ്ണിലുമുയരുന്ന തക്ബീറിൻ്റെ മന്ത്രധ്വനികൾ. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായാണ് പെരുന്നാൾ നമസ്ക്കാരത്തിനായി വിശ്വാസികൾ പള്ളികളിൽ ഒരുമിച്ച് കൂടിയത്. പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്‌പരം ആശംസകൾ അറിയിച്ചുമാണ് അവർ വീടുകളിലേക്ക് മടങ്ങിയത്. ഒരുമയുടെയും ഐക്യത്തിൻ്റെയും മഹത്തായ സന്ദേശം കൂടിയാണ് ഹജ്ജ് കർമ്മവും ബലി പെരുന്നാളും പങ്കുവെക്കുന്നത്.
അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കിചേർക്കാനും ഉള്ളവ ഊട്ടി ഉറപ്പിക്കാനുള്ള അവസരം കൂടിയാണ് പെരുന്നാൾ ആഘോഷം. സമൂഹത്തിൽ വെറുപ്പിൻ്റെയും വിദ്വേശത്തിൻ്റെയും പ്രചാരകർ ശക്തി പ്രാപിക്കുന്ന കാലത്ത് പാരസ്‌പര്യത്തിൻ്റെയും സൗഹാർദത്തിൻ്റെയും ചിന്തകൾക്ക് കൂടിയാണ് ഈദ് ആഘോഷം ശക്തി പകരുന്നത്. ഹസ്റത്ത് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്‍റെയും ത്യാഗത്തെ അനുസ്‌മരിച്ചാണ് ആണ്ടുതോറും വിശ്വാസികൾ ഈദുല്‍ അള്ഹ ആഘോഷിക്കുന്നത്.