കണ്ണൂർ: ജില്ലാ പഞ്ചായത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ട് ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കുന്നതാണ്. ഉദ്യോഗസ്ഥ ഭരണകൂട അനാസ്ഥകളുടെ തുറന്നുകാട്ടലാണ് ഓഡിറ്റ് റിപ്പോർട്ടില്‍. കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വികസന കേന്ദ്രം, വനിത വ്യവസായ എസ്റ്റേറ്റ് എന്നിവയിലെ കടമുറികൾ വാടകയ്ക്ക് നൽകിയതിൽ നിന്ന് 10,72,602 രൂപയും കുടിശ്ശിക ഇനത്തിൽ 18,43,161 രൂപയും ജില്ലാ പഞ്ചായത്തിന് ലഭിക്കാൻ ബാക്കിയുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു.
വനിത ഗ്രൂപ്പുകൾക്ക് ഉള്ള ഗോട്ട് ബ്രീഡ് യൂണിറ്റ് പദ്ധതിയുടെ 10 ലക്ഷം രൂപ ഓഡിറ്റ് വിഭാഗം നിരാകരിച്ചു. 19 പെണ്ണാടുകളും ഒരു മുട്ടനും ഉൾപ്പെട്ടതാണ് ഒരു ഗോട്ട് ബ്രീഡ് യൂണിറ്റ്. ജില്ലയിൽ 10 ഗ്രൂപ്പുകൾക്കാണ് പണം കൈമാറിയത്. എന്നാൽ ആടുകളെ വാങ്ങിയതിന് രേഖയില്ല. സബ്‌സിഡി മാർഗ്ഗരേഖ പ്രകാരം ഗ്രൂപ്പുകൾക്ക് ആടു വളർത്തൽ പരിശീലനം നൽകണം. എന്നാൽ പരിശീലനം നൽകിയതിന്‍റെ തെളിവുകളും ഇല്ല. ഈ സാഹചര്യത്തിലാണ് നടപടി.
കൂടാതെ, കുറുമാത്തൂർ കുടുംബശ്രീ ട്രെയിനിങ് സെന്‍ററിൽ എയർകണ്ടീഷണർ സ്ഥാപിച്ച വകയിലെ 13,50,000 രൂപയും ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി. പരിശീലന ഹാളിലും ഡോർമെറ്ററിയിലും ശീതീകരണ സംവിധാനം ഒരുക്കുന്നതിന് 14,295,560 രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. എന്നാല്‍ വൈദ്യുതി എത്താത്ത സ്ഥലത്ത് ശീതീകരണി സ്ഥാപിക്കുകയും വാറണ്ടി സമയം നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. അത് പദ്ധതി ആസൂത്രണത്തിലെ പോരായ്‌മയായി ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ചാണ് നടപടിയെടുത്തത്.
കുറുമാത്തൂർ പഞ്ചായത്തിലുള്ള കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തിനാണോ എന്നത് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് അതിന്‍റെ പേരിൽ തുക ചെലവഴിച്ചിരിക്കുന്നത്. നെൽകൃഷി കൂലി ചിലവ് സബ്‌സിഡി ഇനത്തിൽ ഗ്രാമപഞ്ചായത്തുകൾക്കുളള സഹായ ധനത്തിന്‍റെ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കാത്തതിനെ തുടര്‍ന്ന് 31,52,051 രൂപയുടെ ചിലവും ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി.
65,95,197 രൂപയുടെ പദ്ധതി 5.8 ൽ നടത്താനാണ് തയ്യാറാക്കിയത്. ഏഴോമിലും മയ്യിലിലും മാത്രമാണ് വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കിയത്. ചെറുതാഴം, കാങ്കോൽ, ആലപ്പടമ്പ, മുണ്ടേരി പഞ്ചായത്തുകൾ രേഖ ഹാജരാക്കുന്നതിലാണ് തുക തടസ്സപ്പെടുത്തിയത്. ഫാം ഉൽപ്പന്നങ്ങളുടെ വിപണനം സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പാലയാട് സ്റ്റേറ്റ് കോക്കനട്ട് നഴ്‌സറിയിൽ നിന്നുള്ള വരുമാനം മുഴുവനായി ജില്ലാ പഞ്ചായത്തിന് കൈമാറാത്തതിനെതിരെയും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
വിത്തും തൈകളും നൽകിയ വകയിൽ കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിന് കിട്ടാനുള്ളത് 42,37,839 രൂപയാണ്. ജില്ലയിലെ കൃഷിഭവനുകളിൽ നിന്നാണ് തുക ലഭിക്കേണ്ടത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ കുടുംബശ്രീ കിയോസ്‌ക നിർമ്മിച്ചതിന്‍റെ രേഖ ഹാജരാക്കാതിരുന്നതിനാൽ 3,65,000 രൂപയും ഓഡിറ്റ് വിഭാഗം നിരാകരിച്ചു. മുറി ലഭ്യമായ ഇടങ്ങളിൽ അരലക്ഷം രൂപയും അതില്ലാത്ത സ്ഥലങ്ങളില്‍ കിയോസ്‌ക സ്ഥാപിക്കുന്നതിന് രണ്ടര ലക്ഷം രൂപയും അനുവദിക്കാൻ ആയിരുന്നു പദ്ധതി.
13 സ്‌കൂളുകൾക്ക് അമ്പതിനായിരം രൂപ വീതവും 12 സ്‌കൂളുകൾക്ക് രണ്ടര ലക്ഷം രൂപ വീതവും കൈമാറിയിരുന്നു. സ്‌കൂളുകളിൽ ശുദ്ധ ജല സംവിധാനം സ്ഥാപിക്കാൻ എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 73 സ്‌കൂളുകളിൽ ശുദ്ധ ജല സംവിധാനം സ്ഥാപിക്കുന്നതിന് മലപ്പുറത്തുള്ള സ്ഥാപനത്തിന് 8,31,000 രൂപ മുൻകൂറായി നൽകി. എന്നാൽ സ്ഥാപനത്തിൽ നിന്ന് സുരക്ഷാ നിക്ഷേപം വാങ്ങിയതിന്‍റെ രേഖ ലഭിച്ചില്ല.
കരാർ പ്രകാരം 90 ദിവസം കൊണ്ട് ശുദ്ധ ജല സംവിധാനം പ്രവർത്തിക്കേണ്ടതാണ്. 2023 മെയ് 27 നൽകിയ റിപ്പോർട്ട് പ്രകാരം രണ്ടു സ്‌കൂളുകളില്‍ മാത്രമാണ് പ്രവർത്തി പൂർത്തിയാക്കിയത്. എത്ര സ്‌കൂളുകളിൽ പദ്ധതി തുടങ്ങിയെന്ന് അന്വേഷിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഇത്തരത്തില്‍ ഭരണകൂട അനാസ്ഥമൂലം കണ്ണൂർ ജില്ലാ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.
ALSO RAED: കൈ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്‌ടർ ബിജോണ്‍ ജോണ്‍സനെ ഇന്ന് ചോദ്യം ചെയ്യും