തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് (ഫെബ്രുവരി 24) ഉച്ചയ്ക്ക് 2 മണി മുതല്‍ നാളെ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണത്തിന്‍റെ ഭാഗമായി നഗരത്തിലേക്ക് ഹെവി, കണ്ടെയ്‌നര്‍, ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള കിള്ളിപ്പാലം-പാടശ്ശേരി-ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-കമലേശ്വരം റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാല്‍ റോഡ്, ചിറമുക്ക്-ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡ്, മേലെ പഴവങ്ങാടി-പവര്‍ ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം-പുന്നപുരം റോഡ്, കൈതമുക്ക്-വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ - പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍-നാലുമുക്ക് റോഡ്, ഉപ്പിടാംമൂട്-ചെട്ടിക്കുളങ്ങര-ഓവര്‍ ബ്രിഡ്‌ജ് റോഡ്, കുന്നുംപുറം-ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം-കാലടി-മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക്-ചെട്ടിക്കവിളാകം-കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിങ്ങിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
പൊങ്കാലയിടാനായി ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് എത്തുന്നവര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലും എം സി, എം ജി റോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും സിറ്റി പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യും. വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പെട്രോള്‍ പമ്പ് വരെയുള്ള റോഡിന്‍റെ ഒരു വശത്തും, കോവളം-കഴക്കൂട്ടം ബൈപ്പാസ് റോഡിന്‍റെ വശങ്ങളിലും പാര്‍ക്ക് ചെയ്യാം. എന്നാല്‍ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിങ് പാടില്ല.