കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് ഭക്തജന പ്രവാഹം; പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി - Thiruvananthapuram

വേനൽ ചൂടിനെ അവഗണിച്ച് ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനത്തേയ്‌ക്ക് ഭക്തജന പ്രവാഹം. ഇക്കുറി തിരക്ക് വർധിച്ചെന്ന് ക്ഷേത്ര ട്രസ്‌റ്റ്.

ആറ്റുകാൽ പൊങ്കാല  Attukal Pongala  തിരുവനന്തപുരം  Thiruvananthapuram  Attukal Pongala Preprations
Attukal Pongala Preparations in Final Stage

By ETV Bharat Kerala Team

Published : Feb 24, 2024, 5:33 PM IST

ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനത്തേയ്‌ക്ക് ഭക്തജന പ്രവാഹം

തിരുവനന്തപുരം: കടുത്ത വേനൽ ചൂട് പോലും വകവയ്ക്കാതെ പെൺമയുടെ മഹോത്സവമായ ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാനത്തേയ്ക്ക്‌ ഭക്തജന പ്രവാഹം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് പൊങ്കാലയ്ക്കായി തിരുവനന്തപുരത്തേക്ക് എത്തുന്നത്. പൊങ്കാലയ്ക്ക് ദിവസങ്ങൾ മുൻപ് തന്നെ നഗരത്തിന്‍റെ വിവിധയിടങ്ങളിൽ സ്ഥാനം പിടിച്ച്, ദേവിക്ക് പൊങ്കാലയർപ്പിക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ഭക്തർ (Attukal Pongala Preparations).

കഴിഞ്ഞ തവണത്തേക്കാൾ തിരക്ക് വലിയ തോതിൽ ഇത്തവണ വർദ്ധിച്ചെന്നും പരമാവധി സൗകര്യങ്ങൾ വിന്യസിച്ചെന്നും ആറ്റുകാൽ ക്ഷേത്രം ട്രസ്‌റ്റ് പ്രസിഡന്‍റ് ശോഭന പറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിലും തുടരുന്ന ഭക്തജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ കളക്ട്രേറ്റ്, പൊലീസ്, ഹെൽത്ത്‌ കൺട്രോൾ റൂമുകൾ ക്ഷേത്രത്തിന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും ദേവിക്ക് പൊങ്കാലയർപ്പിക്കുമെന്ന ആത്മവിശ്വാസമാണ് ഭക്തർക്കും പങ്കു വെയ്ക്കാനുള്ളത്.

ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി ജില്ല ഭരണകൂടവും സജീവമാണ്. ഇത്തവണ പൊങ്കാല സമയത്തെ ആരാധനാക്രമങ്ങൾ നഗരത്തിലെ ക്രിസ്രതീയ ദേവാലയങ്ങൾ പരിഷ്‌കരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്ത്രീ സാന്നിധ്യത്തിന്‍റെ പുണ്യവും പ്രൗഢിയുമായി എല്ലാ വഴികളും ആറ്റുകാലിലേക്കെത്തുന്ന ധന്യമുഹൂർത്തത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കുകയാണ് തിരുവനന്തപുരം.

Also Read: മതമൈത്രിയുടെ 'ട്രിവാന്‍ഡ്രം മോഡല്‍'; ആറ്റുകാല്‍ പൊങ്കാലയ്ക്കായി പ്രാർഥന സമയത്തിൽ മാറ്റംവരുത്തി സെന്‍റ് ജോസഫ് കത്തീഡ്രല്‍

ഗതാഗത നിയന്ത്രണം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് (ഫെബ്രുവരി 24) ഉച്ചയ്ക്ക് 2 മണി മുതല്‍ നാളെ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണത്തിന്‍റെ ഭാഗമായി നഗരത്തിലേക്ക് ഹെവി, കണ്ടെയ്‌നര്‍, ചരക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് (Attukal Pongala Traffic Regulations).

ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള കിള്ളിപ്പാലം-പാടശ്ശേരി-ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-കമലേശ്വരം റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാല്‍ റോഡ്, ചിറമുക്ക്-ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡ്, മേലെ പഴവങ്ങാടി-പവര്‍ ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം-പുന്നപുരം റോഡ്, കൈതമുക്ക്-വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ - പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍-നാലുമുക്ക് റോഡ്, ഉപ്പിടാംമൂട്-ചെട്ടിക്കുളങ്ങര-ഓവര്‍ ബ്രിഡ്‌ജ്‌ റോഡ്, കുന്നുംപുറം-ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം-കാലടി-മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക്-ചെട്ടിക്കവിളാകം-കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിങ്ങിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

പൊങ്കാലയിടാനായി ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് എത്തുന്നവര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലും എം സി, എം ജി റോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും സിറ്റി പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യും. വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പെട്രോള്‍ പമ്പ് വരെയുള്ള റോഡിന്‍റെ ഒരു വശത്തും, കോവളം-കഴക്കൂട്ടം ബൈപ്പാസ് റോഡിന്‍റെ വശങ്ങളിലും പാര്‍ക്ക് ചെയ്യാം. എന്നാല്‍ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിങ് പാടില്ല.

Also Read: ആറ്റുകാൽ പൊങ്കാല; ഭക്ത ജനങ്ങൾക്കുള്ള സുരക്ഷ നിർദേശങ്ങൾ

പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍ ബി എസ് എഞ്ചിനിയറിങ് കോളജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍ എസ് എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എഞ്ചിനീയറിങ് കോളജ് ഗ്രൗണ്ട്, തൈക്കാട് സംഗീത കോളജ്, വഴുതക്കാട് പി ടി സി, ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാം. വാഹനത്തില്‍ ഡ്രൈവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കണം.

ABOUT THE AUTHOR

...view details