തിരുവനന്തപുരം:ആറ്റിങ്ങലിന്‍റെ മനസ് ഇക്കുറി ഇടത്തേക്കോ വലത്തേക്കോ എന്നറിയാൻ ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ബാക്കി. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടതിന് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും നിലവില്‍ ആറ്റിങ്ങലിലെ എംപി കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശാണ്. ശബരിമല പ്രക്ഷോഭവും കേരളത്തില്‍ വീശിയടിച്ച രാഹുല്‍ ഗാന്ധി തരംഗവും ചെറുതായൊന്നുമായിരുന്നില്ല ആറ്റിങ്ങലിനെയും സ്വാധീനിച്ചത്.
2014-ല്‍ 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അഡ്വ. എ സമ്പത്തിനെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് അത്ര പരിചിതനല്ലാതെ എത്തിയ അടൂര്‍ പ്രകാശ് 38,247 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മറികടന്നത്. ഈ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് വീണ്ടും സിറ്റിങ് എംപിയ്‌ക്ക് ഒരു അവസരം കൂടി നല്‍കിയപ്പോള്‍ ഇടതുമുന്നണി കളത്തിലിറക്കിയത് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനായ വര്‍ക്കല നിയോജക മണ്ഡലം എംഎല്‍എയും സിപിഎം ജില്ല സെക്രട്ടറിയുമായിരുന്ന വി ജോയിയെ. 2019ല്‍ 25 ശതമാനത്തോളം വോട്ട് പിടിച്ചിടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ എൻഡിഎ മത്സരിപ്പിച്ചതിലും നയം വ്യക്തം.
മുരളീധരനായി കാട്ടാക്കടയില്‍ വോട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പടെയുള്ള പ്രമുഖരെ കോണ്‍ഗ്രസും കളത്തിലിറക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുമായിരുന്നു ഇടത് ക്യാമ്പിലെ താരപ്രചാരകര്‍. ദേശീയ സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രമുഖര്‍ വന്നിട്ടും ആറ്റിങ്ങലില്‍ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു. 2019ലെ കണക്കിനേക്കാള്‍ അഞ്ച് ശതമാനത്തിന്‍റെ ഇടിവാണ് ഇത്തവണ ആറ്റിങ്ങലിലെ പോളിങ് ശതമാനത്തിലുണ്ടായിരിക്കുന്നത്. കള്ളവോട്ടും ഇരട്ടവോട്ടും 'മോദി ഗ്യാരന്‍റി'യുമെല്ലാം ചര്‍ച്ചയായിട്ടും പോളിങ്ങില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുണ്ടായ ഇടിവ് മൂന്ന് മുന്നണികളുടെയും ചങ്കിടിപ്പ് ഏറ്റുന്നതാണ്.