ഇടുക്കി: നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. മഞ്ഞപ്പെട്ടി എട്ടുമുക്ക് സ്വദേശി ജോസിന്‍റെ മകനെയാണ് ഇന്ന് വൈകുന്നേരം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു (Attempt to kidnap a boy).
കുട്ടി എല്ലാ ദിവസവും വൈകുന്നേരം പാല്‍ വാങ്ങുന്നതിനായി പോകുമായിരുന്നു. ഇന്ന് വൈകുന്നേരം പാല്‍ വാങ്ങുന്നതിനായി പോയ കുട്ടിയെ കറുത്ത ജാക്കറ്റ് ധരിച്ച ഒരാള്‍ സൗഹൃദ പൂര്‍വ്വം വിളിക്കുകയും കുട്ടി എതിര്‍ത്തതിനെത്തുടര്‍ന്ന് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു. ആക്രമണ ശ്രമത്തിനിടയിൽ കുട്ടിക്ക് നിലത്ത് വീണ് പരിക്കേറ്റു. ഈ സമയം കുട്ടി കയ്യില്‍ തടഞ്ഞ കല്ല് ഉപയോഗിച്ച് ഇയാളെ എറിഞ്ഞതിനെത്തുടര്‍ന്ന് അജ്ഞാതന്‍ ഓടിമറയുകയായിരുന്നു.