പത്തനംതിട്ട:തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സ്‌ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 1.30നാണ് സംഭവം.
പത്തിലധികം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് കരോൾ സംഘം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരോൾ സംഘം അവസാന വീട് സന്ദർശിക്കാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പരാതി.
മദ്യലഹരിയിലായിരുന്നു സംഘത്തിന്‍റെ ആക്രമണമെന്ന് കരോൾ സംഘത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കുമ്പനാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തിൽ സ്‌ത്രീകള്‍ക്കും പാസ്‌റ്ററിനും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. ആളുകളുടെ പരിക്കുകള്‍ ഗുരുതരമല്ല.
അതേസമയം, വാഹനത്തിന് കടന്നുപോവാന്‍ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ആക്രമണത്തിൽ രാഷ്‌ട്രീയമില്ലെന്നും കൊയ്‌പുറം പൊലീസ് വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരോൾ നടത്തിയ നല്ലേപ്പള്ളി ഗവ. യുപി സ്‌കൂളിലെ വിദ്യാർഥികൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ക്രിസ്‌മസ് വേഷമണിഞ്ഞ് കരോൾ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമസംഘം പ്രധാനധ്യാപികയെയും മറ്റ് അധ്യാപകരെയും അസഭ്യം പറഞ്ഞിരുന്നു. മാത്രമല്ല ശ്രീകൃഷ്‌ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും അവർ പറഞ്ഞു.