ഗുജറാത്തില്‍ നാശം വിതച്ച അതിതീവ്രമഴ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നെഞ്ചിടിപ്പേറ്റി കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ കേന്ദ്രം. പിന്നാലെ ചര്‍ച്ചയാകുകയാണ് 'അസ്‌ന' ചുഴലിക്കാറ്റ്.
അറബിക്കടലിനും കച്ച് പാകിസ്ഥാന്‍ തീരത്തിനും മുകളില്‍ സ്ഥിതിചെയ്‌തിരുന്ന അതിതീവ്ര ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിക്കുന്നു. പതിയെ അത് അസ്‌ന ചുഴലിക്കാറ്റായി മാറുന്നു. അസ്‌ന കേരള തീരം തൊടില്ലെങ്കിലും സംസ്ഥാനത്തിന് ആശ്വസിക്കാന്‍ വകയില്ല. കാരണം അസ്‌നയുടെ സ്വാധീനം മൂലം കേരളത്തില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്‌ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് അസ്‌ന ചുഴലിക്കാറ്റ് : അസാധാരമായ മണ്‍സൂണ്‍ കാറ്റ് കാരണം രൂപം കൊള്ളുന്നവയാണ് ചുഴലിക്കാറ്റുകള്‍. മണ്‍സൂണ്‍ കാലത്താകട്ടെ ചുഴലിക്കാറ്റുകള്‍ അസാധാരണവും. മണ്‍സൂണ്‍ ഡിപ്രഷനുകള്‍ പടിഞ്ഞാറേക്ക് നീങ്ങുമ്പോള്‍ തെക്കോട്ട് ചെരിഞ്ഞുനില്‍ക്കുന്നതിനാലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് ശക്തമായ തടസം സൃഷ്‌ടിക്കുന്നതിനാലും ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റുകളായി സാധാരണഗതിയില്‍ മാറാറില്ല.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചാണ് നിലവില്‍ അസ്‌ന ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. 1964ന് ശേഷം അറബിക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് അസ്‌ന. പാകിസ്ഥാനാണ് അസ്‌നയെന്ന പേര് നല്‍കിത്. നിലവില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ് അസ്‌ന.