കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണ് മരിച്ചു തൃശൂർ :ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ് കലാകാരി മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി സതി (67) ആണ് കൈകൊട്ടിക്കളിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ (മെയ് 1) രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.
11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്‌ടർ അറിയിച്ചു.
വയോജനങ്ങൾക്ക് മാനസിക ഉല്ലാസത്തിനായി പ്രവർത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗമാണ് സതി. അറുപത്തിയേഴാം വയസിലും ചുറുചുറുക്കോടെ നൃത്തവും പാട്ടുമായി കൂടെയുള്ള അംഗങ്ങൾക്കൊപ്പം വാർധക്യ കാലം കലാപരമായ കാര്യങ്ങൾക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു.
സുമിത്ര ക്ലബ് അംഗങ്ങളുടെ കൈക്കൊട്ടിക്കളിയിലും, സിക്‌സ്‌റ്റി പ്ലസ് മ്യൂസിക് ക്ലബിലും നിറസാന്നിധ്യമായിരുന്നു സതി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വടൂക്കര ശ്‌മശാനത്തിൽ നടന്നു. ഭർത്താവ്: ജയരാജ്. മക്കൾ: വാണി, വീണ.
Also Read : ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ചൂടാണോ മരണകാരണമെന്ന് സംശയം - Collapsed And Died