എറണാകുളം:കൊച്ചിയിലെ പെൺവാണിഭ കേന്ദ്രങ്ങളുടെ മറവിൽ നടക്കുന്നത് കോടികളുടെ ഇടപാടുകൾ. മലയാളികളായ യുവതികൾ ഉൾപ്പടെ പ്രതികളായ അനാശ്വാസ കേന്ദ്രത്തിൽ നിന്നും പങ്കു പറ്റിയവരിൽ പൊലീസുകാരും. ഇന്നലെ അറസ്‌റ്റിലായ രണ്ട് പൊലീസുകാർ ഉൾപ്പടെയുളള പ്രതികളെ ഇന്ന് (ഡിസംബര്‍ 25) മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
എറണാകുളം സൗത്തിലെ പെൺവാണിഭ കേന്ദ്രം റെയ്‌ഡ് ചെയ്‌ത് കടവന്ത്ര പൊലീസ് അറസ്‌റ്റ് ചെയ്‌ത യുവതിയിൽ നിന്നും, വിമൽ , മാർട്ടിൻ തുടങ്ങിയ പ്രതികളിൽ നിന്നാണ് വാണിഭ കേന്ദ്രവുമായി ബന്ധമുള്ള പൊലീസുകാരെ കുറിച്ച് വിവരം ലഭിച്ചത്. ഇതേ തുടർന്ന് പ്രത്യേക നിരീക്ഷണവും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ കേന്ദ്രീകരിച്ച് പരിശോധനയും നടത്തിയ ശേഷമാണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്യുന്നത്. കൊച്ചി ട്രാഫിക് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രമേശ്, പാലാരിവട്ടം സ്‌റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
അതേസമയം ആയുർവേദ സ്‌പാ കേന്ദ്രത്തിന്‍റെ മറവിൽ അനാശ്വാസ കേന്ദ്രം നടത്തിയ എരുമേലി സ്വദേശി പ്രവീണിനെയും യുവതികൾ ഉൾപ്പടെ 12 പേരെയും പൊലീസ് അറസ്‌റ്റു ചെയ്‌തു. മുഖ്യപ്രതികളിലൊരാളായ പ്രവീണിന്‍റെ അക്കൗണ്ട് വഴി കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ അനാശ്വാസ കേന്ദ്രത്തെ നിയന്ത്രിച്ചിരുന്നത് തൃശൂർ സ്വദേശിയായ മുബൈയിൽ കഴിയുന്ന മറ്റൊരു പ്രവീണാണ്.