വളാഞ്ചേരി കൂട്ടബലാല്‍സംഗം: മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി (ETV Bharat) മലപ്പുറം:വളാഞ്ചേരിയില്‍ വിവാഹിത വീടിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനില്‍, പ്രകാശന്‍, ശശി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ (ജൂണ്‍ 21) രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നാണ് (ജൂണ്‍ 22) രേഖപ്പെടുത്തിയത്.
കേസിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പ്രതിയായ പ്രകാശനെ പാലക്കാട് നിന്നും സുനിലിനെയും ശശിയെയും വളാഞ്ചേരിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ വരും ദിവസങ്ങളില്‍ ഇരയുടെ മുമ്പില്‍ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം 16ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദത്തിലായ യുവതിയോട് സുഹൃത്തുക്കള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്‌പി പി.പി ഷംസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read:വളാഞ്ചേരി കൂട്ട ബലാത്സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍ - VALANCHERRY GANG RAPE CASE UPDATES