കോഴിക്കോട്:ജീവിക്കാൻ വേണ്ടി കാക്കിയിട്ട് ഓട്ടോ ഓടിക്കുന്ന ഒരാൾ. ഇത് സാധരണയല്ലേ എന്ന് ചോദിച്ചാൽ അതേ.., എന്നാൽ ദേശീയ തലത്തിൽ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയ ആളാണെന്ന് ആരും അറിയുന്നില്ല. ആറ് സ്വർണവും രണ്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ ദേശീയ മെഡലുകൾ.. 10 തവണ ദേശീയ ചാമ്പ്യൻഷിപ്പിലെ പങ്കാളിത്തം. പകൽ മുഴുവൻ ഓട്ടോ ഓടിച്ച് രാത്രിയിൽ ജിമ്മിൽ പോയി മണിക്കൂറുകളോളം വർക്ക് ഔട്ട് ചെയ്യുന്ന ഷൗക്കത്തലി. ദേശീയ താരമായ പഞ്ചഗുസ്‌തിക്കാരൻ.
അടുത്തിടെ നടന്ന ദേശീയ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഷൗക്കത്ത് മൂന്ന് സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു. ഒക്‌ടോബറിൽ ഗോവയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനും മോൾഡോവയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും യോഗ്യത നേടി. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം താമസിക്കുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലോ കോഴിക്കോട്ടെ സ്വദേശമായ കിണാശ്ശേരിയിലോ അഭിനന്ദനങ്ങളോ പ്രദർശന ബോർഡുകളോ ഇല്ല.
എന്നാൽ ഷൗക്കത്തിനെ പിന്തുടരുന്ന വിഷമം അതൊന്നുമല്ല. ലോക ചാമ്പ്യൻഷിപ്പിനായി ഇത്തവണ മോൾഡോവയിലേക്ക് പറക്കാൻ പറ്റിയില്ലല്ലോ എന്നോർത്താണ്. ഷൗക്കത്തിന്‍റെ കൈയിൽ മത്സരത്തിന് പോകാനുള്ള പണമില്ല. നിശ്ചിത തീയതിക്ക് മുമ്പ് 1.8 ലക്ഷം രൂപ അടക്കണം. പണം പിരിക്കാനോ സ്‌പോൺസർഷിപ്പ് തേടാനോ ഷൗക്കത്ത് ശ്രമിച്ചില്ല..
ഒമ്പത് തവണ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയെങ്കിലും പണത്തിൻ്റെ ദൗർലഭ്യം മൂലം ഒരിക്കലും രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ''അത് സാധ്യമല്ലെന്ന് എനിക്കറിയാം. എനിക്ക് അത്രയും തുക താങ്ങാൻ കഴിയില്ല, സഹായിക്കാൻ ആരും ഉണ്ടാകില്ലെന്ന് അറിയാവുന്നതിനാൽ ഞാൻ ആരോടും സഹായം ചോദിച്ചില്ല', ഷൗക്കത്ത് പറയുന്നു. എന്നാലും എന്നെങ്കിലും ഒരു അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.