ബെംഗളൂരു (കര്‍ണാടക) : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്‍റെ സഹായത്തോടെയാണ് രക്ഷാദൗത്യം. മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും തെരച്ചില്‍ തുടരാനാണ് സൈന്യത്തിന്‍റെ തീരുമാനം.
ലോറി ഇല്ലെന്ന് പൂർണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കം ചെയ്യും. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് സൈന്യം ഇന്ന് പരിശോധന നടത്തുക. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തും. കരയിലെ പരിശോധന പൂര്‍ണമായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.