എറണാകുളം :അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി. പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷമാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പ്രതികളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുടെ ഹർജി തള്ളിയത്.
ഷുക്കൂർ വധക്കേസിൽ സിബിഐ ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കൊലപാതകവുമായി ബന്ധമില്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാൽ പ്രതി ചേർത്തതെന്നുമായിരുന്നു ഇരുവരുടെയും വാദം. എന്നാൽ പ്രതികളായ നാലു പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തിയെന്നായിരു പ്രോസിക്യൂഷന്‍റെ വാദം.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇരുവരും ഗൂഢാലോചന നടത്തിയത് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പടെ കോടതിയിൽ സമർപ്പിച്ചിരുന്നു.
2012 ഫെബ്രുവരി 20 ന് തളിപ്പറമ്പ് പട്ടുവത്തുണ്ടായ സിപിഎം, ലീഗ് സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.