കോഴിക്കോട്: കെഎസ്ഇബി ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് മുറിച്ചും ആർഎംയു ഓഫ് ചെയ്‌തും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കെഎസ്ഇബി ഫറോക്ക് ഡിവിഷന് കീഴിലെ കല്ലായി സെക്ഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കല്ലായി സെക്ഷൻ പരിധിയിൽ രാത്രി 11.30 നും 12.30 നും ഇടയിൽ വൈദ്യുതി നിലച്ചതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.
വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ഇക്കാര്യം കെഎസ്ഇബി ഓഫിസിൽ വിളിച്ചറിയിച്ചു. പരാതി ലഭിച്ചതോടെ പരിഹരിക്കാൻ പോയ നൈറ്റ് ഡ്യൂട്ടി ജീവനക്കാർ കണ്ടത് എട്ട് ട്രാൻസ്‌ഫോർമറുകൾ ഉൾപ്പെടുന്ന പാർവതിപുരം, മാനാരി ബൈപാസ്, പാളയം ടെലിഫോൺ എക്സ്ചേഞ്ച് എന്നീ ആർഎംയുകൾ ഓഫ് ചെയ്‌തിട്ട നിലയിലായിരുന്നു.
മാങ്കാവ് ഫെറി, കിഴക്കേ കുണ്ട്, മാനാരി ബൈപാസ്, മൈത്രി റോഡ്, പാർവതിപുരം, ശക്തി, സിബി, കോയവളപ്പ്, ചാമുണ്ഡി വളപ്പ് -1, ചക്കും കടവ്, പാളയം ടെലിഫോൺ എക്സ്ചേഞ്ച്, കുറ്റിയിൽ പടി തുടങ്ങിയ പത്തോളം ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് വയറുകൾ കട്ട് ചെയ്‌ത നിലയിലുമാണ് ഉണ്ടായിരുന്നത്. ദുരൂഹസംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ സംയുക്ത യൂണിയൻ സമിതി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ അപകടം ക്ഷണിച്ച് വരുത്തുമെന്നും ജോലിക്കിടെ സാമൂഹ്യ വിരുദ്ധർ ആർഎംയു ഓഫ് ചെയ്‌തിടുന്നതും ട്രാൻസ്‌ഫോർമറുകൾ കയ്യേറുന്നതും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംയുക്ത യൂണിയൻ സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
Also Read:30 മണിക്കൂർനീണ്ട കാത്തിരിപ്പ്; ഒടുവില്‍ റസാഖിന്‍റെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു