അനിൽ ആൻ്റണി മാധ്യമങ്ങളോട് കോട്ടയം:ലവ് ജിഹാദിനെക്കുറിച്ച് ആദ്യം പറഞ്ഞത് മാർ ജോസഫ് കല്ലറങ്ങാട് ഉൾപ്പടെയുള്ള ക്രൈസ്‌തവ മത നേതാക്കളെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണി. ഡിജിപി ജേക്കബ് പുന്നൂസും ഇക്കാര്യം സ്ഥിരീകരിച്ചു. ക്രിസ്‌ത്യൻ സമുദായത്തിന് വേണ്ടി സംസാരിക്കാൻ ബിജെപി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അനില്‍ പറഞ്ഞു.
ആൻ്റണിയെ എന്ന് കാണുമോ അന്ന് അനുഗ്രഹം വാങ്ങും:പിതാവായ ആൻ്റണിയെ ഇനി എന്ന് കാണുമോ അന്ന് അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങുമെന്ന് അനിൽ ആൻ്റണി. അച്‌ഛൻ്റെ അനുഗ്രഹം വാങ്ങണമെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ ഉപദേശം സ്വീകരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു അനിൽ ആന്‍റണിയുടെ മറുപടി.
ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി അനിൽ:ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങളും അനില്‍ ആന്‍റണി തള്ളി. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിരെയുള്ളതെന്നും അനിൽ പറഞ്ഞു. നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും അനില്‍ ആന്‍റണി ആരോപിച്ചു.
കോൺഗ്രസ് സംസ്ഥാന - ദേശീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. നന്ദകുമാർ 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആന്‍റണി പറഞ്ഞു.
നന്ദകുമാര്‍ പത്ത് - പതിനഞ്ച് ദിവസം മുമ്പ് കുറച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. വിഷുവിന്‍റെ ദിവസം തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞു. വിഷു കഴിഞ്ഞ് പത്ത് ദിവസമായി. തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസമേയുള്ളൂ. 15 വര്‍ഷം മുമ്പ് നടന്നുവെന്ന് ഇവര്‍ അവകാശപ്പെടുന്ന കാര്യം തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് ആരോപിച്ചപ്പോള്‍ എല്ലാവരും ആഘോഷിച്ചു.
നരേന്ദ്ര മോദി ഇന്ത്യയില്‍ വികസനം കൊണ്ടുവരുന്നതിനൊപ്പം പത്തനംതിട്ടയും വികസിക്കുമെന്ന സന്ദേശം നല്‍കുമ്പോള്‍ തന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസിനോടടുത്ത് നില്‍ക്കുന്നവര്‍ ശ്രമിക്കുന്നുവെന്നും അനില്‍ ആന്‍റണി കൂട്ടിച്ചേർത്തു.
Also Read:'അനില്‍ ആന്‍റണിക്ക് 25 ലക്ഷം, ശോഭ സുരേന്ദ്രന് 10 ലക്ഷം'; തെളിവുകൾ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍