കൊല്ലം:കരുനാഗപ്പള്ളി തൊടിയൂരില്‍ തീ പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരി അനാമിക മരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മക്കളായ ഏഴും, രണ്ടും വയസുള്ള അനാമിക, ആരവ് എന്നിവരെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം.
ഗുരുതരമായി പൊള്ളലേറ്റ അനാമിക (7), ആരവ് (2) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സംഭവ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് വീടിന് അടുത്ത് താമസിക്കുന്നവർ എത്തിയപ്പോൾ ആണ് പുക ഉയരുന്നത് കണ്ടത്. വീടിന്‍റെ ജനൽ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികളുടെ അമ്മയായ അർച്ചന മരിച്ചിരുന്നു.