കേരളം

kerala

ETV Bharat / state

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുമെന്ന് വീണാ ജോർജ് - amoebic meningoencephalitis - AMOEBIC MENINGOENCEPHALITIS

കൂടുതൽ രോഗികളെ കണ്ടെത്തിയത് ആദ്യ രോഗിയ്ക്ക് രോഗം എങ്ങനെ ഉണ്ടായതെന്ന അന്വേഷണത്തിൽ. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്  AMOEBIC MENINGOENCEPHALITIS IN TVM  HEALTH MINISTER VEENA GEORGE  മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 7, 2024, 9:11 PM IST

തിരുവനന്തപുരം:തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്‌തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പ്രത്യേക എസ്ഒപി തയ്യാറാക്കിയാണ് ചികിത്സ നൽകുക. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്‌ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവിൽ 6 പേർക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിലാണ് രോഗം വരാൻ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളായ തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദനയും ഉണ്ടായപ്പോൾ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാൻ സാധിച്ചു.

2 പേർക്ക് രോഗം സംശയിക്കപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്‌തു. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആളുകളാണ്. ഈ ഒരാളുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം ചെളിയിൽ നിന്നുള്ള അമീബ കലർന്ന വെള്ളത്തിൽ നിന്നാകാം രോഗം ഉണ്ടായതെന്നാണ് വിദഗ്‌ധരുടെ നിഗമനം. ഇത് വിശദമായി പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി.

പ്രദേശത്തെ കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ 24ന് ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പങ്കെടുത്ത് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. 33 പേർ കുളത്തിലെ ജലവുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്ന് കണ്ടെത്തി.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവർ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഫീവർ സർവേ നടത്തുകയും ചെയ്‌തു. നിരീക്ഷണം ശക്തമാക്കുകയും രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്‌തു. കുളത്തിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ തുടർച്ചയായി പരിശോധിക്കാനും നിർദേശം നൽകി.പ്രോട്ടോകോൾ പ്രകാരം 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭ്യമാണ്. കൂടുതൽ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെഎംഎസ്‌സിഎൽ മാനേജിംഗ് ഡയറക്‌ടർക്ക് നിർദേശം നൽകി.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇതൊരു പകർച്ചവ്യാധിയല്ല. വേനൽക്കാലത്ത് വെള്ളത്തിന്‍റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.

ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്‌ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

Also Read: ആശങ്കയില്‍ തലസ്ഥാനവും; ഒരാള്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ABOUT THE AUTHOR

...view details