തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാൻ തിരുവനന്തപുരം നഗരസഭ പ്രപ്പോസൽ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കണ്ണ് തുറക്കാതെ സർക്കാർ. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സർക്കാർ ഇതുവരെ ഉത്തരവിറക്കിയില്ല. പദ്ധതി നടത്തിപ്പിനായി നഗരസഭയുടെ ആരോഗ്യ വിഭാഗം ഈ വർഷം ജനുവരിയിൽ സർക്കാരിന് പ്രപ്പോസൽ സമർപ്പിച്ചിരുന്നു.
എന്നാൽ ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ ഉത്തരവ് വൈകി. പെരുമാറ്റ ചട്ടവും തെരഞ്ഞെടുപ്പ് ഫലവും പുറത്ത് വന്നിട്ടും നഗരസഭ നൽകിയ പ്രപ്പോസലിൽ ഇതുവരെ സർക്കാർ ഉത്തരവിറക്കിയിട്ടില്ല. ജാപനീസ് സാങ്കേതിക വിദ്യയായ ജാക്‌സൗ ഉപയോഗിച്ച് തോട്ടിലെ മലിന ജലം ശുദ്ധീകരിക്കാൻ 4 പ്ലാന്‍റുകൾ വാങ്ങാനായിരുന്നു നഗരസഭയുടെ തീരുമാനം.