ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത് മലയാളികള്‍ ആണെന്നാണ് കണക്കുകള്‍. ആയുര്‍ദൈര്‍ഘ്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് കേരളം. ഓരോ വര്‍ഷം തോറും കേരളത്തിന്‍റെ ആയുര്‍ദൈര്‍ഘ്യം കൂടിവരികയാണ്.
2025 ജനുവരിയിലെ കണക്കനുസരിച്ച് കേരളത്തിലെ പുരുഷന്മാര്‍ ശരാശരി 74.39 വയസ് വരെ ജീവിക്കും, സ്‌ത്രീകള്‍ക്ക് ആണെങ്കില്‍ ശരാശരി 79.98 വർഷവുമാണ് ആയുസ്. കേരളത്തിൽ സ്‌ത്രീകളുടെ ആയുർദൈർഘ്യ നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതലാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം.
കേരളം രൂപീകരിച്ചതു മുതല്‍ ആയുർദൈർഘ്യ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 1951 മുതൽ 1960 വരെ കേരളത്തിന്‍റെ ആയുർദൈർഘ്യ നിരക്ക് 48 ആയിരുന്നു. അക്കാലത്ത് ഇന്ത്യയുടേത് 41 ആയിരുന്നു. വികസിത രാജ്യങ്ങളുടെ മാതൃകയ്ക്ക് തുല്യമാണ് കേരളത്തിന്‍റെ ആയുര്‍ദൈര്‍ഘ്യമെന്നും വിലയിരുത്തലുണ്ട്.
2031-35 ആകുമ്പോഴേക്കും കേരളത്തിലെ സ്‌ത്രീകളുടെ ആയുർദൈർഘ്യം 80 കടക്കുമെന്ന് പറയപ്പെടുന്നു. സംസ്ഥാനത്തിന്‍റെ ആകെ ശരാശരി 77.32 ആയിരിക്കും. ഇന്ത്യയുടെ ആയുർദൈർഘ്യം 72.9 ആയിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-25 ൽ കേരളത്തിന്‍റെ ആയുർദൈർഘ്യം 76.32ഉം ഇന്ത്യയുടെ ആയുർദൈർഘ്യം 71.01ഉം ആണ്.
എന്തുകൊണ്ട് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം കൂടുന്നു?
മികച്ച ആരോഗ്യ സംരക്ഷണം, പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ, ഉയർന്ന സാക്ഷരതാ നിരക്ക്, പോഷകാഹാരം, ശുചിത്വം, ശുദ്ധമായ കുടിവെള്ളം, ശക്തമായ പൊതുവിതരണ സംവിധാനം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളാണ് കേരളത്തിന്‍റെ ഉയർന്ന ആയുർദൈർഘ്യത്തിന് പ്രധാന കാരണം. ഇവയെല്ലാം ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കുകയും ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
- ശക്തമായ ആരോഗ്യ മേഖലയും ആശുപത്രികളും:കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് മികച്ച സേവനമാണ് നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയില്‍ കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും ചികിത്സ ലഭ്യമാകുന്നുണ്ട്.
- ഉയർന്ന സാക്ഷരതാ നിരക്ക്:ഉയർന്ന വിദ്യാഭ്യാസമുള്ള ഒരു ജനതയാണ് കേരളത്തിലേത്, അതുകൊണ്ട് തന്നെ ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധം എന്നവയില്‍ മുൻപന്തിയിലാണ്.
- മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേക പദ്ധതികള്‍:മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികള്‍ കേരളത്തിലുണ്ട്, ഇത് ശിശുമരണ നിരക്ക് ഗണ്യമായ കുറയ്‌ക്കാൻ സഹായിക്കുന്നു.
- പോഷകഹാരങ്ങള്‍:അമ്മയ്‌ക്കും കുഞ്ഞിനും പോഷകഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവശ്യ പോഷകങ്ങളുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നത് വഴി ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നു, ഇത് ദീർഘായുസിനും കാരണമാകുന്നു.
- ശുചിത്വം:കേരളത്തിലെ ശുദ്ധജല വിതരണവും ശരിയായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും പോലുള്ള ഫലപ്രദമായ ശുചിത്വ രീതികൾ പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ സഹായിക്കുന്നു
- പൊതുവിതരണ സംവിധാനം:പൊതുവിതരണ സംവിധാനം വളരെ മികച്ച രീതിയിലാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ദരിദ്രര്‍ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും വരെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.
- സമൂഹപങ്കാളിത്തം:ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളില്‍ സജീവമായ സമൂഹപങ്കാളിത്തം ഉണ്ടാകാറുണ്ട്.
- സാമൂഹിക പരിഷ്‌കാരങ്ങൾ:ഭൂപരിഷ്‌കരണം പോലുള്ള സാമൂഹിക പരിഷ്‌കാരങ്ങളിൽ കേരളം നടത്തിയ ചരിത്രപരമായ നീക്കങ്ങള്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന്‍റെ സമ്പത്തിന്‍റെ കൂടുതൽ നീതിയുക്തമായ വിതരണത്തിനും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും കാരണമായി.