പോള ശല്യം; കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തിവച്ചു കോട്ടയം : പോളശല്യം രൂക്ഷമായതിനെ തുടർന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസുകൾ നിർത്തിവച്ചു. ജലപാതയിൽ പോളയും കടകൽപുല്ലും തിങ്ങി നിറഞ്ഞതിനെ തുടർന്ന് ബോട്ടിന് കടന്നുപോകാൻ കഴിയാതെ വന്നതിനെ തുടർന്നാണ് ജലഗതാഗത വകുപ്പ് താത്കാലികമായി സർവീസുകൾ നിർത്തിവച്ചത്.
കോട്ടയം കോടി മത ജെട്ടിയിൽ നിന്ന് ആലപ്പുഴയ്ക്ക് ആറു സർവീസുകളാണുണ്ടായിരുന്നത്. ധാരാളം യാത്രക്കാരാണ് ബോട്ട് സർവീസിനെ ആശ്രയിച്ചിരുന്നത്. രണ്ടാഴ്‌ച മുൻപ് കാഞ്ഞിരം വെട്ടിക്കാട്ട് മുക്കിൽ യാത്രാബോട്ട് പോളയിൽ മണിക്കൂറുകളോളമാണ് കുടുങ്ങി കിടന്നത്. ജലപാതയിൽ പോള ശല്യം കാലങ്ങളായി ഉണ്ടായിരുന്നു.
വളരെ ബുദ്ധിമുട്ടിയാണ് പോള തിങ്ങി നിറഞ്ഞ തോട്ടിലൂടെ ജലഗതാഗത വകുപ്പ് സർവീസ് നടത്തിയിരുന്നത്. പോളയും കടകൽ പുല്ലും യന്ത്രത്തിൽ കുടുങ്ങുന്നതു പതിവായിരുന്നുവെങ്കിലും ബുദ്ധിമുട്ട് തരണം ചെയ്‌തായിരുന്നു സർവീസ് നടത്തിവന്നിരുന്നത്.
പോളയിലും പുല്ലിലും കുടുങ്ങി ബോട്ടിന് യന്ത്ര തകരാർ വന്നതോടെ ട്രിപ്പുകൾ നിർത്തിവച്ചു. സർവീസ് നിലച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ ഉൾപ്രദേശങ്ങളിലെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഇതോടെ ആലപ്പുഴയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് എത്താനും കഴിയാതെ വന്നു.
അവധിക്കാലത്ത് ഉൾനാടൻ ടൂറിസത്തെയും പോള ശല്യം ബാധിച്ചു. ചെറു ബോട്ടുകൾക്കും വള്ളങ്ങൾക്കും പോളയിലൂടെ കടന്നു പോകാൻ കഴിയാതെയായി പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. പോള നീക്കാൻ പഞ്ചായത്തോ ഇറിഗേഷൻ വകുപ്പോ തയാറാകുന്നില്ലെന്ന് ജലഗതാഗത വകുപ്പ് ആരോപിച്ചു. അവധിക്കാലത്ത് ബോട്ട് സർവീസിലൂടെ ജലഗതാഗത വകുപ്പിന് കിട്ടിയിരുന്ന വലിയ വരുമാനവും ഇപ്പോൾ നിലച്ചിരിക്കുകയാണ്.
Also Read: വെള്ളത്തിലായത് 45 ലക്ഷം, ഇവിടെയൊരു ബോട്ട് ക്ലബ് ഉണ്ടായിരുന്നു..തിരുവനന്തപുരം നഗരസഭ അറിയുന്നുണ്ടോ...