തിരുവനന്തപുരം: സഞ്ചാരികളെ മാടി വിളിക്കുന്ന ആക്കുളം കായലിന്‍റെ വശ്യസൗന്ദര്യം തിരുവനന്തപുരംകാർക്ക് സുപരിചിതമാണ്. നഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്ത് 95.78 ഹെക്‌ടര്‍ വിസ്‌തൃതിയില്‍ കായല്‍പ്പരപ്പ് വ്യാപിച്ചു കിടക്കുന്നു. വെള്ളപൊക്കത്തില്‍ നിന്നും തലസ്ഥാന നഗരത്തെ കാക്കുന്ന ഒരു സംരക്ഷണ കവചം കൂടിയാണീ കായല്‍. 17 ഇനം സസ്യങ്ങള്‍, 33 ഇനം മീനുകള്‍, 65 ഇനം ചിത്രശലഭങ്ങള്‍, സംസ്ഥാന വെറ്റ് ലാന്‍ഡ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ ജലാശയത്തിന്‍റെ ജൈവ വൈവിധ്യം ഇങ്ങനെ നീളുന്നു.
ഈ കായലിനെ ആശ്രയിക്കുന്ന ജീവി വര്‍ഗങ്ങളില്‍ മനുഷ്യരുമുണ്ട്. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം കായലില്‍ നടത്തിയ പഠനത്തില്‍ 29 വര്‍ഷങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായത് 15 ഇനം മത്സ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതോടെ കായലിനെ ആശ്രയിക്കുന്ന മനുഷ്യരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ആര്‍ക്കാണ് ഇന്നീ കായലിനെ വേണ്ടത്?
ആക്കുളത്തിന്‍റെ പ്രൗഢി ഓർത്തെടുത്ത് സാംസൺ
തിരുവനന്തപുരം വലിയവേളി സ്വദേശിയായ സാംസണ്‍ 35 വര്‍ഷമായി ആക്കുളം കായലില്‍ നിന്ന് മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നും പുലര്‍ച്ചെ സുഹൃത്തിന്‍റെ വള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങും. ഇപ്പോള്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാൽ ആക്കുളം കായലിന് വല്ലാത്തൊരു ദുര്‍ഗന്ധമാണ്. വെള്ളം നാറാന്‍ തുടങ്ങിയ ശേഷം പലരും കായലിലിറങ്ങുന്നില്ല. മീന്‍പിടിക്കാന്‍ സഹായത്തിനാകട്ടെ ചെറുപ്പക്കാരെ കിട്ടാനേയില്ലെന്നാണ് സാംസന്‍റെ പ്രധാന പരാതി.
മാലിന്യം കുമിഞ്ഞ് കൂടി തിരുവനന്തപുരം ആക്കുളം കനാൽ (ETV Bharat)
കക്കയും, കൊഞ്ചും, ഞണ്ടും പിടിക്കാന്‍ കായലിന്‍റെ ആഴങ്ങളില്‍ മുങ്ങാംകുഴിയിട്ട ചെറുപ്പകാലത്തെ കുറിച്ചോര്‍ത്തെടുക്കുമ്പോള്‍ സാംസന്‍റെ മുഖത്ത് ഇന്നും ആവേശമാണ്. എന്നാല്‍ ആക്കുളം കായലിന്‍റെ ജൈവഘടനയൊന്നാകെ അട്ടിമറിക്കപ്പെട്ടത് ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നെത്തുന്ന മാലിന്യമാണെന്ന് കണ്ടെത്തിയ ഗവേഷണങ്ങളെ കുറിച്ചൊന്നും ഇദ്ദേഹത്തിന് അറിയില്ല. പക്ഷെ ഒന്നറിയാം, പണ്ട് കണ്ടിരുന്ന മീനുകളെ ഇപ്പോള്‍ കാണാനേ കിട്ടുന്നില്ല. കാലങ്ങളായി കായലില്‍ തുഴയെറിയുന്ന ഈ മത്സ്യത്തൊഴിലാളിക്ക് ശാസ്ത്രമറിയില്ലെങ്കിലും പ്രായോഗിക ജ്ഞാനം ആവോളമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വേളി പൊഴിയില്‍ നിന്ന് കായലിലേക്ക് വള്ളമിറക്കിയാല്‍ റെയില്‍വേ പാലം കടന്നു അൽപം ദൂരം കൂടി മുന്നോട്ടു മീന്‍ കിട്ടിയാലായി. അതു കഴിഞ്ഞാല്‍ ചീഞ്ഞു നാറുന്ന മണമാണ് കായലിനെന്ന് സാംസണ്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ വലയെറിഞ്ഞിട്ടോ ചൂണ്ടയിട്ടിട്ടോ ഒരു കാര്യവുമില്ല. പാറയോട് ചേര്‍ന്ന് വല വലിച്ചു കെട്ടിയാണ് മീന്‍ പിടുത്തം. കിട്ടുന്ന മീനിന് പലപ്പോഴും രുചി വ്യത്യാസവുമുണ്ടാകും.
തിരികെ പൊഴിയിലേക്ക് എത്തിയപ്പോള്‍ കഴിഞ്ഞ ദിവസം കെട്ടിവെച്ച വലയില്‍ നിന്ന് ചവര്‍ വാരി നീക്കുകയാണ് സുഹൃത്ത് ജോജി. കരിമീന്‍ വരെ കിട്ടിയിരുന്ന കായലാണ്. ഇപ്പോള്‍ തിലാപിയ മാത്രമാണ് കിട്ടുന്നത്. വലയില്‍ കുടുങ്ങിയ മീനുകള്‍ പലപ്പോഴും ചപ്പു ചവറുകള്‍ നിറഞ്ഞു വല കീറുമ്പോള്‍ നഷ്‌ടപ്പെടാറുണ്ടത്രേ.
പുനര്‍ജനിക്കായി കാത്ത്
നഗരം പുറന്തള്ളുന്ന മാലിന്യവും വഹിച്ചെത്തുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ വെള്ളം വര്‍ഷങ്ങളായി വന്നടിഞ്ഞു കായലിന്‍റെ ആഴം കുറഞ്ഞെന്ന് സംസ്ഥാന വെറ്റ് ലാന്‍ഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കായല്‍ അതീവ മലിനവുമായി. ഒരു വീണ്ടെടുപ്പ്, അതിനാണ് ആക്കുളം കായല്‍ കാത്തിരിക്കുന്നത്. ആമയിഴഞ്ചാന്‍ തോട് കുറച്ചെങ്കിലും ശുദ്ധമായാല്‍ അത് ആക്കുളം കായലിന്‍റെ പുനര്‍ജനിക്ക് കുറച്ചൊന്നുമല്ല സഹായകമാകുക. ഇതിന് നഗരവാസികള്‍ ഒന്നു മനസുവച്ചെങ്കില്‍... ആക്കുളം കായലിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ നിന്നോ നമ്മുടെ ഹൃദയത്തില്‍ മര്‍മ്മരമായി ഈ വാക്കുകളുമുണ്ട്.
Also Read:മൂന്ന് ദിവസത്തെ യാത്രയില്‍ ശേഖരിച്ചത് 1000 കിലോയോളം മാലിന്യം; ചാലിയാർ റിവർ പാഡിലിന് സമാപനം