തൃശ്ശൂർ : വനം-വന്യജീവി മേഖലകളിൽ മനുഷ്യരുമായി സംഘർഷമുണ്ടാകുമ്പോൾ പുതിയ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാർ സമചിത്തതയോടുകൂടി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌ത് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. തൃശ്ശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 460 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരുടെ പാസിംങ് ഔട്ട് പരേഡില് സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം (Four Hundred Sixty beet forest officers from tribal category joined service).
വർധിച്ചുവരുന്ന മലയോര മേഖലകളിലെ വന്യജീവി അക്രമണങ്ങളിൽ വനം വകുപ്പ് ജനങ്ങളോടൊപ്പം നിന്ന് പ്രശ്ങ്ങൾ പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിലാണെന്നും ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാർ വനം വന്യജീവി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാടിനെ അറിയാനും കാടിനെ രക്ഷിക്കാനും മറ്റാരെക്കാളും അറിവും അനുഭവസമ്പത്തുമുള്ളവരാണ് വനമേഖലയിലെ വനാശ്രിത ജനവിഭാഗങ്ങൾ. ആനുകാലിക സാഹചര്യത്തിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായി വനത്തെ ആശ്രയിച്ച് കഴിയുന്ന സമൂഹത്തിൽപ്പെട്ടവരെ നിയമിക്കുന്നത് വനം വന്യജീവി വകുപ്പിന് മുതൽക്കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 460 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരുടെ പാസിംങ് ഔട്ട് പരേഡ് തൃശ്ശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്നു. പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രൗഡഗംഭീരമായ ചടങ്ങ് നടന്നത്.