ഹൈദരാബാദ് (തെലങ്കാന) : എടിഎം മെഷീനിലെ ക്യാഷ് എക്‌സിറ്റ് ഭാഗത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് പണം തട്ടിയ യുവാക്കള്‍ക്കെതിരെ കേസ്.അദിലാബാദ് മാവാല പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ദസ്‌നാപൂർ എടിഎമ്മിലാണ് സംഭവം (Adilabad ATM fraud). മൂന്ന് പേര്‍ ചേര്‍ന്ന് എടിഎം മെഷീനിന്‍റെ ക്യാഷ് എക്‌സിറ്റ് ഭാഗത്തായി സംശയം തോന്നാത്ത രീതിയില്‍ പ്ലാസ്റ്റർ ഒട്ടിച്ചു വയ്ക്കുകയായിരുന്നു.
എടിഎം മെഷീനില്‍ പ്ലാസ്റ്ററൊട്ടിച്ച് പണം തട്ടി യുവാക്കള്‍; തട്ടിപ്പ് സംഘത്തിനെതിരെ കേസ് - തെലങ്കാന അദിലാബാദ്
എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അക്രമികൾ എടിഎം മെഷീനിലെ ക്യാഷ് എക്‌സിറ്റ് ഭാഗത്ത് പ്ലാസ്റ്ററിട്ടതായി കണ്ടെത്തിയത്.
Published : Feb 16, 2024, 2:24 PM IST
ബ്രാഹ്മണവാഡ സ്വദേശിയായ സതീഷ് ദേശ്‌പാണ്ഡെ എന്ന വ്യക്തിയാണ് തട്ടിപ്പിനിരയായത്. സതീഷ് ദേശ്‌പാണ്ഡെ എടിഎമ്മിലെത്തി 5000 രൂപ പിന്‍വലിച്ചെങ്കിലും പണം പുറത്തേക്ക് വന്നില്ല. പണം ലഭിക്കാത്തതിനാല്‍ സതീഷ് ദേശ്‌പാണ്ഡെ തിരികെ പോയതിന് ശേഷം തട്ടിപ്പ് സംഘം വന്ന് ഘടിപ്പിച്ച പ്ലാസ്റ്റർ ഊരിമാറ്റി പണം അപഹരിക്കുകയായിരുന്നു.
അതേസമയം സതീഷ് ദേശ്‌പാണ്ഡെയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5000 രൂപ പിന്‍വലിച്ചതായി മൊബൈൽ ഫോണില്‍ സന്ദേശം വരികയും ചെയ്‌തു. തുടർന്ന് ഇയാള്‍ ബാങ്ക് മാനേജ്‌മെന്‍റിനും പൊലീസിനും പരാതി നൽകുകയായിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അക്രമികൾ എടിഎം മെഷീനിലെ ക്യാഷ് എക്‌സിറ്റ് ഭാഗത്ത് പ്ലാസ്റ്ററിട്ടതായി കണ്ടെത്തിയത്. അജ്ഞാതരായ തട്ടിപ്പ് സംഘത്തിനെതിരെ കേസെടുത്തതായി മാവല എസ്ഐ വംഗ വിഷ്‌ണു വർധൻ അറിയിച്ചു.