തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും തമ്മില്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടന്ന ആര്‍എസ് ക്യാമ്പിനെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2023 മെയ് 22ന് എഡിജിപി എത്തിയിരുന്നതായി തൃശൂര്‍ രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥരെ അറിയിക്കുകയും ഇക്കാര്യം മേലുദ്യോഗസ്ഥര്‍ ഇന്‍റ്ലിജന്‍സ് മേധാവിയെയും ഇന്‍റ്ലിജന്‍സ് മേധാവി ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയെയും ധരിപ്പിച്ചു.
സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിച്ചു. താന്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്‌ച നടത്തിയെന്നും അത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും ഇതിനു പിന്നാലെ എംആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്കും എഡിജിപിക്കും വിശദീകരണം നല്‍കുകയും ചെയ്‌തു. ഇതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള കഴിഞ്ഞ വര്‍ഷത്തെ കൂടിക്കാഴ്‌ചയെ കുറിച്ച് സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും അറിവുണ്ടായിരുന്നു എന്ന് കൂടി തെളിയുകയാണ്.
എഡിജിപിയുടെ ഔദ്യോഗിക വാഹനം തൃശൂരിലെ ഒരു സ്വകാര്യ പഞ്ച നക്ഷത്ര ഹോട്ടലില്‍ പാര്‍ക്ക് ചെയ്‌ത ശേഷം തിരുവനന്തപുരത്തെ ഒരു ആര്‍എസ്‌എസ് നേതാവിന്‍റെ കാറിലായിരുന്നു ദത്താത്രേയ ഹൊസവാലെയെ കാണാന്‍ പോയതെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണവും ശരിയെന്ന് തെളിയുകയാണ്. ആര്‍എസ്എസിന്‍റെ പോഷക സംഘടനയായ വിജ്ഞാന്‍ ഭാരതിയുടെ തിരുവനന്തപുരം സ്വദേശിയായ ജയകുമാര്‍ ഓടിച്ച വാഹനത്തിലായിരുന്നു അജിത്കുമാറിന്‍റെ യാത്രയെന്ന വിവരവും ഇപ്പോള്‍ പുറത്തു വരികയാണ്.
ഈ മാസം 4ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ വെളിപ്പെടുത്തലിന് ശേഷം ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോ പൊലീസ് നേതൃത്വമോ ആഭ്യന്തര വകുപ്പോ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ആരോപണം നിഷേധിച്ചാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോടും സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു പ്രതികരണത്തിനും തയ്യാറാകാതിരിക്കെയാണ് സന്ദര്‍ശനം നടന്നുവെന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.