കേരളം

kerala

ETV Bharat / state

ഇനിയും പരിഹരിക്കാത്ത പരാതികളുണ്ടോ? പരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്കാസ്ഥാനങ്ങളിലും കളക്ട്രേറ്റുകളിലും അദാലത്ത് വരുന്നു

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങളുടെയും പരിഗണിക്കാത്ത വിഷയങ്ങളുടെ പട്ടിക പുറത്തിറക്കി

ADALAT AT COLLECTORATE  ADALAT AT TALUK LEVEL  LATEST MALAYALAM NEWS  പരാതി പരിഹാര അദാലത്ത്
Cabinet Meet File Photo (ETV Bharat)

By ETV Bharat Kerala Team

Published : 10 hours ago

തിരുവനന്തപുരം: പൊതുജനങ്ങളുടെ ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത പരാതികള്‍ക്ക് പരിഹാരവുമായി മന്ത്രിമാര്‍ നേരിട്ട് ജനങ്ങളിലേക്കെത്തുന്നു. ഈ വര്‍ഷം ഡിസംബറിലും അടുത്ത വര്‍ഷം ജനുവരി മാസത്തിലുമായി കളക്ട്രേറ്റിലും താലൂക്കുകളിലും മന്ത്രിമാര്‍ നേരിട്ടെത്തി നടത്തുന്ന അദാലത്തുകള്‍ പ്രയോജനപ്പെടുത്താനാണ് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

പൊതുജനങ്ങള്‍ നല്‍കുന്ന പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്. അദാലത്തില്‍ പരിഗണിക്കുന്നതും പരിഗണിക്കാത്തതുമായ വിഷയങ്ങളുടെ പട്ടികയും പുറത്തു വിട്ടു. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍

  • ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും)
  • സര്‍ട്ടിഫിക്കറ്റുകളോ ലൈസന്‍സുകളോ നല്‍കുന്നതിനുള്ള കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍
  • കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി എന്നിവ)
  • വയോജന സംരക്ഷണം
  • പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
  • മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
  • ശാരീരിക, മാനസിക, വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍
  • പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം
  • പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും
  • ചികിത്സാ ആവശ്യങ്ങള്‍ക്ക് എപിഎല്‍, ബിപിഎല്‍ റേഷന്‍കാര്‍ഡ്
  • കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
  • വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം, സഹായം, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
  • ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍
  • വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി
  • ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
  • വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണവും നഷ്‌ടപരിഹാരവും
  • വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും
  • തണ്ണീര്‍ത്തട സംരക്ഷണം
  • അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
  • പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം

അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍

  • നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍
  • ലൈഫ് മിഷന്‍
  • ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവയോ പിഎസ്‌സി സംബന്ധമായ വിഷയങ്ങള്‍
  • വായ്‌പ എഴുതി തള്ളല്‍
  • പൊലീസ് കേസുകള്‍
  • ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം)
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍
  • സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളളവ)
  • സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ പരാതികള്‍
  • റവന്യു റിക്കവറി - വായ്‌പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് അതത് ജില്ലാ കളക്‌ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details