എറണാകുളം:കൊച്ചിയിൽ യുവനടിയെ ലൈംഗികാതിക്രമണത്തിന് ഇരയാക്കി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്തിമ വാദം തുടങ്ങി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം തുടങ്ങിയത്. നാലര വർഷം നീണ്ട സാക്ഷിവിസ്‌താരം ഒരു മാസം മുമ്പാണ് പൂർത്തിയായത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസിനെ മാത്രം നൂറ്റിപത്ത് ദിവസമാണ് വിസ്‌തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിഭാഗം അഭിഭാഷകനായ രാമൻ പിള്ള മാത്രം തൊണ്ണൂറ് ദിവസമായിരുന്നു വിസ്‌തരിച്ചത്.
അതേസമയം അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അന്തിമ വാദത്തിൽ സാക്ഷിമൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള പ്രോസിക്യൂഷൻ വാദമാണ് ആദ്യം നടക്കുക. തുടർന്നാണ് പ്രതിഭാഗം വാദം നടക്കുക. ഇരുവാദവും പൂർത്തിയായ ശേഷമായിരിക്കും കോടതി വിധി പറയാനായി കേസ് മാറ്റുക. എട്ടാം പ്രതി നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്‌താവനയ്‌ക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്.
പ്രമുഖർ സാക്ഷികളായ കേസ്
യുവ നടിയെ ആക്രമിച്ച കേസിൽ സിനിമാരംഗത്തെ പ്രശസ്‌ത നടി, നടന്മാരുൾപ്പടെ നിരവധി പ്രമുഖരെ കോടതി വിസ്‌തരിച്ചിരുന്നു. ഒന്നാം സാക്ഷിയായി അതിജീവിതയായ നടിയെയാണ് കോടതി വിസ്‌തരിച്ചത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നാപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നത്.
എട്ടാം പ്രതി നടൻ ദിലീപിനും അതിജീവിതയ്ക്കും ഏറെ നിർണായകമായ കേസിലെ വിധി എന്തായാലും സമൂഹത്തിൽ വലിയ ചർച്ചകൾക്കിടയാകുമെന്ന കാര്യത്തിൽ സംശയമില്ല. കൊച്ചിയിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ അസാധാരണമായ കുറ്റകൃത്യം നടന്നിട്ട് അടുത്ത ഫെബ്രുവരി 17ന് എട്ട് വർഷം പൂർത്തിയാവുകയാണ്.
നീതിക്ക് വേണ്ടിയുള്ള എട്ട് വർഷം
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തിൻ്റെ എട്ട് ആണ്ട് കൂടിയാണ് പൂർത്തിയാകുന്നത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ക്രൂരമായ സംഭവമെന്നാണ് സർക്കാർ ഈ കേസിനെ ഹൈക്കോടതിയിൽ വിശേഷിപ്പിച്ചത്.
ബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യ ഘട്ടത്തിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് എട്ടാം പ്രതി ദിലീപ് ഉൾപ്പടെയുള്ള ആറ് പ്രതികൾക്കെതിരെയും പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
പ്രതികൾക്കെതിരെ ഗുരുതര വകുപ്പ്
കൂട്ട ബലാത്സംഗമുൾപ്പടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി ട്രാൻസ്ഫെർ ചെയ്യുകയായിരുന്നു. വിചാരണക്ക് വനിത ജഡ്‌ജിയെ ചുമതലപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി എറണാകുളം പ്രത്യേക സിബിഐ കോടതിയെ കേസ് ഏൽപ്പിച്ചത്. ഈ കോടതിയിൽ ജഡ്‌ജിയായിരുന്ന ഹണി വർഗീസ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ആയതോടെ കേസും ഇതേ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിൻ്റെ ഹർജിയിൽ വിചാരണ കോടതി അനുകൂലമായ ഉത്തരവ് നൽകിയിരുന്നു. ഇത് ലംഘിച്ചുവെന്ന് ആരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ ചില മാധ്യമങ്ങൾക്കെതിരെ കോടതി കേസെടുക്കുകയും ചെയ്‌തിരുന്നു
2017 ലെ കറുത്ത ദിനം
2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് ലൈംഗികാതിക്രമം നടത്തി നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. നേരത്തേ പരിചയമുണ്ടായിരുന്ന ഒന്നാം പ്രതി പൾസർ സുനി ഇത് ക്വട്ടേഷനാണെന്നാണ് നടിയോട് തന്നെ പറഞ്ഞത്.
ഈ സംഭവം തന്നെ ആക്രമണത്തിൻഅറെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കേസിൽ ദിവസങ്ങൾക്കകം തന്നെ പ്രതി പൾസർ സുനിയെ പൊലീസ് നാടകീയമായി പിടികൂടി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ കോടതി മുറിക്കുള്ളിൽ നിന്നും ബലപ്രയോഗത്തിലൂടെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കോടതിമുറിക്കുള്ളിൽ നിന്നും പ്രതിയെ പിടികൂടിയത് വിമർശനങ്ങൾക്കും കാരണമായിരുന്നു.
എന്നാൽ സംഭവത്തിന് പിന്നിൽ ആരുടെ ക്വട്ടേഷനാണെന്ന് സുനി ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായി ശത്രുതയിലായിരുന്ന നടൻ ദിലീപിന് നേരെ അന്നുതന്നെ സംശയമുയർന്നിരുന്നു. പിന്നീട് പൾസർ സുനി ജയിലിൽ നിന്ന് ദിലീപുമായി ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ നിർണായകമായി.
ഇതേ തുടർന്നാണ് നടൻ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി നീണ്ട പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തതിനൊടുവിലാണ് 2017 ജൂലൈ 10ന് അറസ്റ്റ് ചെയ്‌തത്. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അന്ന് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് കേസിൽ അസാധാരണമായ നിരവധി സംഭവങ്ങളും ഉണ്ടായി.
തടസ വാദങ്ങളുമായി ദിലീപ്
പ്രതിയായ ദിലീപ് അമ്പതിലധികം തവണയാണ് വിവിധ ഹർജികളുമായി വിചാരണ കോടതി മുതൽ സുപ്രീം കോടതിയെ വരെ സമീപിച്ചത്. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ വിചാരണ നടപടികൾ നീണ്ടുപോവുകയായിരുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇതിനെ എതിർത്ത് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദൃശ്യങ്ങൾ വിചാരണ കോടതിയുടെ നിയന്ത്രണത്തിൽ പരിശോധിക്കാൻ അനുമതി നൽകുകയും ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ നിരവധി തവണ ഈ സമയപരിധി സുപ്രീംകോടതി നീട്ടി നൽകുകയും ചെയ്‌തു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയേയും സുപ്രീം കോടതിയെയും സമീപിച്ചതും ഈ കേസിനെ അസാധാരണമായ വ്യവഹാരത്തിലേക്ക് നയിച്ചിരുന്നു. വിചാരണ കോടതിക്ക് അനുകൂലമായാണ് അന്ന് സുപ്രീം കോടതി ഉത്തരവിറക്കിയത്.
പ്രോസിക്യൂട്ടർമാരുടെ രാജി
പിന്നീട് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി സുരേശൻ രാജിവച്ചു. ഇതേ സ്ഥാനത്ത് നിയമിതനായ അഡ്വക്കറ്റ് അനിൽ കുമാറും സമാനമായ രീതിയിൽ ഒഴിഞ്ഞതും ഈ കേസിൻ്റെ നാൾ വഴികളിൽ പ്രധാനപ്പെട്ടതായിരുന്നു. വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥൻ ഒഴികെയുള്ള പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്‌താരം പൂർത്തിയാവുകയും ചെയ്‌ത സമയത്താണ് ഈ കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തലുണ്ടായത്.
ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്നും സാക്ഷികള്‍ കൂറുമാറ്റാൻ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തിയത്. ഇതോടെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം ആരംഭിച്ചു.
തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും അന്വേഷണ സംഘം ആറുമാസത്തെ സമയം കൂടി ആവശ്യപ്പെടുകയും ചെയ്‌തു. വിചാരണക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണ കോടതിക്ക് തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് വിചാരണ കോടതിയുടെ ആവശ്യമനുസരിച്ചായിരുന്നു സുപ്രീംകോടതി സമയ പരിധി നീട്ടി നൽകിയത്.
തുടരന്വേഷണം
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൽ ദിലീപും സഹോദരൻ അനൂപും ഉൾപ്പടെ ആറ് പേർക്കെതിരെയാണ് പുതിയ കേസ് രജിസ്‌റ്റർ ചെയ്‌തത്. ഈ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതിനൽകിയിരുന്നു.
ദിലീപുൾപ്പടെയുള്ള പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ശക്തമായ ആവശ്യമായിരുന്നു ഡിജിപി കോടതിയിൽ ഉന്നയിച്ചത്. ദിവസങ്ങൾ നീണ്ട അസാധാരണമായ വാദ പ്രതിവാദത്തിനൊടുവിൽ ഹൈക്കോടതി ഈ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു. വധ ഗൂഢാലോചന കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയത് ദിലീപിന് തിരിച്ചടിയായി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജിക്കെതിരെ അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവം നടന്ന് എട്ട് വർഷം പൂർത്തിയാകാനിരിക്കെ അതിജീവിത നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടം തുടരുകയാണ്.