കാസർകോട് :മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിലെ ബരുൽ ഗ്രാമത്തിൽ നിന്നും സാമൂഹിക പ്രവർത്തക ദയാബായി കാസർകോട്ടെ കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റുന്നു. മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ സേവനങ്ങളിലൂടെ 1980 മുതൽ ശ്രദ്ധേയയായിരുന്നു ദയാബായി. കോട്ടയത്തെ കുടുംബ സ്വത്ത് വിറ്റ് മധ്യപ്രദേശിൽ വാങ്ങിയ 4 ഏക്കർ സ്ഥലം ഒരു ട്രസ്റ്റിന് കൈമാറി കാഞ്ഞങ്ങാട്ടേക്ക് എത്താനാണ് തീരുമാനം.
ഒപ്പം ദയാബായിയുടെ പ്രിയപ്പെട്ട കുതിര ചാന്ദ്നിയെയും കൊണ്ടുവരും. മധ്യപ്രദേശിൽ താമസിച്ച കാലമത്രയും കുതിരകളും ദയാബായിയുടെ കൂട്ടിനുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഝാൻസി റാണി ലക്ഷ്‌മി ബായിയുടെ കഥകൾ കേട്ട് കുതിര വേണമെന്ന് അച്ഛനോട് പറഞ്ഞെങ്കിലും നടന്നില്ല. പിന്നീട് മധ്യപ്രദേശിലെത്തിയപ്പോൾ ഗ്രാമീണർ ധാരാളം കുതിരകളെ കൊണ്ട് നടക്കുന്നത് കണ്ടു.
ആഗ്രഹമറിഞ്ഞ് അവിടെയുണ്ടായിരുന്ന ഒരു ബിഷപ്പാണ് ക്രിസ്‌തുമസ് സമ്മാനമായി കുതിരയെ സമ്മാനിച്ചത്. അന്നത്തെ കുതിരയുടെ അഞ്ചാം തലമുറയാണ് ഇപ്പോൾ കൈവശമുള്ള ചാന്ദ്നി. ഒരു വയസുണ്ട് ചാന്ദ്നി എന്ന കുതിരയ്ക്ക്. ചാന്ദ്നിയെ കാഞ്ഞങ്ങാട് എത്തിക്കാനുള്ള ശ്രമത്തിലാണ് ദയാബായി.
ദയാബായിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പഴയ നഴ്‌സറി കെട്ടിടം വാടകക്ക് എടുത്ത് എൻഡോസൾഫാൻ ഇരകൾക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്ത് സ്വന്തമായി സ്ഥാപനം ആരംഭിക്കാനുള്ള സ്ഥലം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ദയാബായി.