കണ്ണൂർ :കൊടിക്കൂറ നിർമാണം ദൈവികമായി കാണുകയാണ് കണ്ണൂർ പുത്തൻതേർ മഠം അച്യുത വാര്യർ (Taliparamba Achutha Warrier embroidery stitching). പതിറ്റാണ്ടുകളായി കേരളത്തിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഉൾപ്പെടെ മലബാറിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കൊടിക്കൂറ നിർമിക്കുന്നത് അച്യുത വാര്യരാണ്. 69 വർഷമായി തയ്യൽ രംഗത്തുള്ള പുത്തൻ തേർമഠം അച്യുത വാര്യരെ വയസ് 93 ആയെന്ന ചിന്ത ചെറുതായി അലട്ടുന്നുണ്ടെങ്കിലും തയ്യൽ യന്ത്രം ഇന്നും അച്യുത വാര്യരുടെ കൈകളിൽ ഭദ്രമാണ്.
തളിപ്പറമ്പ ചിന്മയ സ്റ്റോറിന്റെ ഉമ്മറത്തിരുന്ന് ക്ഷേത്രോത്സവത്തിൽ ഉയരേണ്ട കൊടിക്കൂറ നിർമിക്കുന്ന തിരക്കിലാണ് വാര്യർ. ഇന്ന് വടക്കേ മലബാറിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കൊടിക്കൂറ കൃത്യതയോടെ, ദൈവീകമായ ചിഹ്നങ്ങൾ കോർത്തിണക്കി മികച്ച രീതിയിൽ തന്നെയാണ് വാര്യർ നിർമിച്ചു നൽകുന്നത്. ചെറു പ്രായത്തിൽ കണ്ടു പഠിച്ച തൊഴിലാണ് വാര്യർ ഇന്നും ജീവിതമാർഗമായി കൊണ്ടുപോകുന്നത്.
കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും അച്യുത വാര്യര്‍ കൊടിക്കൂറ നിർമിച്ചു നൽകുന്നുണ്ട്. ഡൽഹി, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആണ് പ്രധാനമായും അച്യുത വാര്യരുടെ കൊടിക്കൂറ എത്തിയിട്ടുള്ളത്. ക്ഷേത്രങ്ങളുടെ കൊടിമരത്തിന്റെ ഉയരവും കൊടിക്കൂറയുടെ അളവും അച്യുത വാര്യർക്ക് മനപാഠം ആണ്.