പത്തനംതിട്ട: പത്ത് വർഷം മുൻപ് തിരുച്ചിയിലെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ചതായി തെറ്റിധരിപ്പിച്ച് മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പൊലീസിൻ്റെ വലയില്‍. നിരവധി മോഷണക്കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ച് നടന്ന മലയാലപ്പുഴ സ്വദേശി പാണ്ടി ചന്ദ്രൻ എന്ന ചന്ദ്രനാണ് പിടിയിലായത്. പത്തനംതിട്ട സ്‌റ്റേഷനിലെ സിപിഓ രജിത് കെ നായർക്ക് ലഭിച്ച വിവരങ്ങളാണ് ചന്ദ്രനെ പിടികൂടാന്‍ സഹായിച്ചത്.
ചന്ദ്രന്‍റെ തിരോധാനവും 'മരണ'വും
15 വർഷങ്ങള്‍ക്ക് മുന്‍പാണ് മലയാലപ്പുഴ താഴത്തെ വീടും വസ്‌തുവും ഉപേക്ഷിച്ച് ചന്ദ്രൻ നാട്ടിൽ നിന്നും കടന്നു കളയുന്നത്. ചന്ദ്രൻ മുങ്ങിയതോടെ ചില കേസുകളിൽ ചന്ദ്രന് ജാമ്യം നിന്ന പ്രദേശവാസിയായ മോഹനൻ നായർ കുരുക്കിലായി. ഇയാള്‍ക്കെതിരെ കോടതി അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ചു.
തുടർന്ന് മോഹനൻ നായർ ചന്ദ്രൻ്റെ ജന്മനാടായ ത്യച്ചിയിലെത്തി അന്വേഷിച്ചപ്പോള്‍ ചന്ദ്രൻ ഇവിടത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ചതായി വിവരം ലഭിച്ചു. മടങ്ങിയെത്തിയ മോഹനൻ നായർ വേറെ വഴിയില്ലാതെ ജാമ്യ തുകയായ 10000 രൂപ കോടതിയിൽ കെട്ടിവച്ച് തടിയൂരി.
ചന്ദ്രൻ തൂങ്ങിമരിച്ചതായി അറിഞ്ഞെന്ന് മോഹനൻ നായർ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. പിന്നീട് ചന്ദ്രന് കാര്യങ്ങള്‍ കൂടുതൽ എളുപ്പമായി.
പൊറോട്ടയടിയിൽ വിദഗ്‌ധനായ കള്ളന്‍
'മരണ വാർത്തയെ' തുടർന്ന് പ്രതി മരിച്ചതായുള്ള സർട്ടിഫിക്കറ്റ് കിട്ടാൻ പൊലീസ് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല. ഇതിനിടെ ചന്ദ്രനെന്ന് പേരുള്ള തമിഴ്‌നാട്ടുകാരനെന്ന് പരിചയപ്പെടുത്തിയ ഒരാൾ ശബരിമലയിലെ ഒരു കടയിൽ പണിയെടുക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.
ഹോട്ടലുകളിൽ പൊറോട്ട അടിക്കാൻ വിദഗ്‌ധനായ ചന്ദ്രൻ ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ്. ഈ വിവരങ്ങളിൽ നിന്നും ചന്ദ്രൻ മരിച്ചിട്ടില്ല എന്ന് പൊലീസിന് ബോധ്യമായി. വി ജി വിനോദ് കുമാർ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റപ്പോൾ പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി എസ്എച്ച്ഒ മാരുടെ നേതൃത്വത്തിൽ അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സിപിഓ രജിത്ത് ഉൾപ്പടെയുള്ള സംഘത്തിനാണ് ചന്ദ്രനെ കണ്ടെത്താനുള്ള ചുമതല ഉണ്ടായിരുന്നത്.