ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ഗംഗാവാലി നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടകയിലെ റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ. ട്രക്ക് അല്‍പ്പസമയത്തിനകം പുറത്തെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നാവിക സേനയെ ഇതിനായി നിയോഗിച്ചു. മേല്‍ നടപടികള്‍ സംബന്ധിച്ച തീരുമാനമെടുക്കുവാനായി ജില്ലാഭരണകൂടം ഉന്നതതലയോഗം ചേരുകയാണ്.
തീര സംരക്ഷണ സേനയുടെ ഒരു ഹെലികോപ്‌റ്ററും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. ട്രക്ക് കരയ്‌ക്ക് എത്തിക്കാന്‍ ബ്ലൂം എസ്‌കവേറ്റര്‍ ഉപയോഗിക്കും. ഐബോഡ് സംവിധാനം ഉപയോഗിച്ചും ഇവിടെ തെരച്ചില്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ച് കൃഷ്‌ണ ബൈര ഗൗഡ വാര്‍ത്താക്കുറിപ്പിറക്കി. ജില്ല പൊലീസ് മേധാവിയും ഇക്കാര്യം സ്ഥിരീകരിച്ചു.
ട്രക്ക് മുങ്ങിയത് തലകീഴായെന്ന് ഉത്തരകന്നഡ എസ്‌പി എം. നാരായണ. തെരച്ചില്‍ നാലളെ ഫലം കാണുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്‌ണ സെയില്‍. മാധ്യമങ്ങള്‍ പ്രദേശത്ത് നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ന് രാത്രി പത്ത് വരെ തെരച്ചില്‍ തുടരും. ഡ്രോണുകള്‍ അടക്കം നാളെ രക്ഷാദൗത്യത്തിന് ഉപയോഗിക്കും. തെരച്ചില്‍ നാളെ ലക്ഷ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ മാധ്യമങ്ങള്‍ക്ക് പ്രദേശത്ത് പ്രവേശനത്തിന് അനുമതിയുണ്ടാകില്ല.