കേരളം

kerala

ETV Bharat / state

സഖാവ് ടികെ ഹംസ മലബാറിന്‍റെ കമ്മ്യൂണിസ്റ്റ് പച്ച; കോൺഗ്രസുകാരനായി തുടങ്ങി ജനഹൃദയങ്ങള്‍ കീഴടക്കിയ കമ്മ്യൂണിസ്റ്റ് - Election 2024

കമ്മ്യൂണിസ്റ്റുകാര്‍ എന്നെ പിടിച്ചതല്ല, ഞാന്‍ കമ്മ്യൂണിസ്റ്റുകാരെ പിടിച്ചതാണ് - ടി കെ ഹംസ

കോൺഗ്രസ്  പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്  T K Hamza special  Election 2024  CPIM
കോൺഗ്രസുകാരനായി തുടങ്ങി കമ്യൂണിസ്റ്റുകാരനായി വിജയിച്ച നേതാവ്

By ETV Bharat Kerala Team

Published : Mar 6, 2024, 9:42 PM IST

Updated : Mar 6, 2024, 10:44 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഏതുമാകട്ടെ, അത് ആസന്നമാകുമ്പോൾ ഉയർന്നു കേൾക്കുന്ന ഒരു പേരുണ്ട്. ടി. കെ ഹംസ. 'പരീക്ഷണ വസ്‌തു'വായി ഇറക്കിയെടുത്തെല്ലാം വിജയം കൊയ്‌ത ചരിത്രം. കോൺഗ്രസുകാരനായി തുടങ്ങി കമ്യൂണിസ്റ്റുകാരനായി വിജയിച്ച ഈ പാട്ടുകാരൻ മറുകണ്ടം ചാടിയത് വലിയ കഥയാണ്.

1937 ൽ മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിലെ കൂരാട് എന്ന സ്ഥലത്താണ് ഹംസയുടെ ജനനം. ജന്മി, മുതലാളിത്ത വ്യവസ്ഥ ശരിയല്ലെന്ന് വിശ്വസിച്ചിരുന്ന മുതലാളിത്ത കുടുംബമായിരുന്നു ഹംസയുടേത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എയും എറണാംകുളം ലോ കോളജിൽ നിന്ന് ബി.എൽ. ബിരുദവും നേടി. 1968 ൽ മഞ്ചേരി ബാറിൽ അഭിഭാഷകനായി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക്. മതേതര സംവിധാനത്തെ കുറിച്ച് കുട്ടിക്കാലത്ത് തന്നെ ചിന്തിച്ച വ്യക്തിയാണ് ഹംസ. കാരണം അന്നത്തെ കോണ്‍ഗ്രസ് പാർട്ടി അങ്ങനെയായിരുന്നു. വീടിന് മുന്നില്‍ മുതലാളിത്തത്തിനെതിരേ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിച്ചാണ് തുടക്കം. മതേതര, സോഷ്യലിസ്റ്റ് ആശയവുമായി നീങ്ങി ഒടുവിൽ കോണ്‍ഗ്രസായി.

കാൽ നൂറ്റാണ്ട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി, ഐഎന്‍ടിയുസി, താലൂക്ക് വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 18 കൊല്ലം കെപിസിസി അംഗമായി. ഏ.കെ ആന്‍റണി വരെ കെപിസിസിക്ക് പുറത്തായിരുന്ന സമയത്ത് യുവജനവിഭാഗത്തില്‍ നിന്ന് വയലാര്‍ രവി, ആര്യാടന്‍, കെ.പി. വിശ്വനാഥന്‍ എന്നിവർക്കൊപ്പം ഹംസയും ഉണ്ടായിരുന്നു.

1982 ഇന്ദിര കോണ്‍ഗ്രസിന്‍റെ മലപ്പുറം ജില്ലാ പ്രസിഡന്‍റായിരുന്നു ഹംസ. 13 ജില്ലകളിലെയും പ്രസിഡന്‍റുമാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടി. പരിഭവം പറയാൻ കെപിസിസി പ്രസിഡന്‍റായിരുന്ന കെഎം ചാണ്ടിയെ പോയി കണ്ടു. താന്‍ നിസഹായനാണെന്നായിരുന്നു ചാണ്ടിയുടെ മറുപടി. ഹംസയേയും കൂട്ടി അദ്ദേഹം കരുണാകരന്‍റെ അടുത്തേക്ക് പോയി. തനിക്ക് തരാന്‍ സീറ്റില്ലെന്നായിരുന്നു കരുണാകരന്‍റെ മറുപടി. ചില സീറ്റുകള്‍ ചോദിച്ചു, അതെല്ലാം മറ്റ് പലർക്കും കൊടുത്തെന്ന് മറുപടിയും.

നിലമ്പൂർ ആര്യാടന്, പൊന്നാനി എംപി ഗംഗാധരന്. പട്ടാമ്പി എംഎല്‍എയായിരുന്നു ഗംഗാധരന്‍. അദ്ദേഹം ഒഴിവാക്കിയ പട്ടാമ്പി ഹംസ ചോദിച്ചു. പട്ടാമ്പിയിലെ സവര്‍ണ ഹിന്ദുക്കള്‍ ഹംസയ്ക്ക് വോട്ട് ചെയ്യില്ലെന്നായിരുന്നു ലീഡറുടെ മറുപടി. അതും കേട്ടതോടെ അവിടെ നിന്ന് ഇറങ്ങി. ലീഡറേ, നമുക്ക് നിയമസഭയില്‍ കാണാമെന്നും പറഞ്ഞായിരുന്നു മടക്കം. ആ വാക്ക് പാഴ് -വാക്കായില്ല. മറുകണ്ടം ചാടിയ ഹംസ 1982-ല്‍ നിലമ്പൂരിലിറങ്ങി, ആര്യാടൻ മുഹദിനെതിരെ.

കമ്മ്യൂണിസ്റ്റുകാര്‍ എന്നെ പിടിച്ചതല്ല, ഞാന്‍ കമ്മ്യൂണിസ്റ്റുകാരെ പിടിച്ചതാണ് എന്നായിരുന്നു നർമ പ്രാസംഗികൻ കൂടി ആയിരുന്ന ഹംസയുടെ ഈ സംഭവത്തെ കുറിച്ചുള്ള പ്രതികരണം. സ്വതന്ത്രനാക്കി ഹംസയെ നിലമ്പൂരിൽ ഇറക്കാൻ മുൻകൈയെടുത്തത് ഇഎംഎസ് ആയിരുന്നു. ആ പരീക്ഷണം വിജയം കണ്ടു.

19,000ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന ആര്യാടനെ 1566 വോട്ടുകള്‍ക്ക് ഹംസ മലർത്തിയടിച്ചു. 1982 മുതൽ 2001 വരെ നിയമസഭാംഗമായിരുന്ന ടി കെ ഹംസ പിന്നീട് സി പി എമ്മിൽ ചേർന്നു. പിന്നീട് പാര്‍ട്ടി ബേപ്പൂർ എന്ന ഉറച്ചസീറ്റ് നല്‍കി ഹംസക്ക്. 1987 ൽ 7537ന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചുവന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രിയുമാക്കി.

1991-ല്‍ ബേപ്പൂരിൽ തന്നെ ഇറങ്ങിയപ്പോൾ അതാ വരുന്നു അടുത്ത പരീക്ഷണം. കോൺഗ്രസ് വിട്ടതിന്‍റെ ദേഷ്യം തീർക്കാൻ ഹംസക്കെതിരെ കോ-ലീ-ബി (കോൺഗ്രസ്, ലീഗ്, ബിജെപി ) സഖ്യം. ഹംസയെ തോല്‍പ്പിക്കാൻ മുസ്ലീം ലീഗ് സീറ്റ് ബിജെപിക്ക് വിട്ടു കൊടുത്തു. മെഡിക്കല്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ മാധവന്‍കുട്ടിയെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി. മാധവന്‍കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാവ് ശിഹാബ് തങ്ങള്‍ വോട്ടഭ്യര്‍ഥിച്ചു. വോട്ടെണ്ണിയപ്പോള്‍ 6270 വോട്ടിന് ഹംസ ജയിച്ചു. 96ലും ഹംസ വിജയമാവർത്തിച്ചു.

അടുത്ത പരീക്ഷണം ലോക്‌സഭയിലേക്കായിരുന്നു. 2004 ൽ, മുസ്ലീംലീഗിന്‍റെ കോട്ടയായ മഞ്ചേരി പിടിക്കാൻ. 2001 മുതൽ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നിന്ന് നാട്ടില്‍ സജീവമായ സമയത്താണ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വന്നത്. സിപിഎം ലോക്​സഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും മുന്‍പേ ടി കെ ഹംസ മഞ്ചേരിയില്‍ തന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. അതിന് മുന്‍പ് ഹംസയെ പോലുള്ള ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഏറനാട്ടില്‍ മത്സരിച്ചിട്ടില്ല എന്നതായിരുന്നു മറ്റൊരു കാര്യം.

മണ്ഡലത്തിൽ അത്രയും കുടുംബബന്ധമുള്ള സ്ഥാനാര്‍ഥി മുന്‍പുണ്ടായിരുന്നില്ല എന്നതായിരുന്നു മൂന്നാമത്തെ കാര്യം. വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെല്ലാം കുടുംബബന്ധങ്ങളുണ്ടായിരുന്നു ഹംസക്ക്. അതിനു പുറമേ രാഷ്ട്രീയരംഗത്ത് ഒരു ദുഷ്‌പേരും വാങ്ങാത്ത എളിയ പ്രവര്‍ത്തകന്‍ എന്ന മഹിമയും. അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ രണ്ടുതവണ മണ്ഡലത്തില്‍ വന്ന് ഹംസക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചു.

1977 മുതൽ 91 വരെ മഞ്ചേരിയുടെ നായകൻ ലീഗിലെ സുലൈമാൻ സേട്ടിയിരുന്നെങ്കിൽ തുടർന്ന് 2004 വരെ അഹമ്മദായിരുന്നു. എന്നാൽ 2004ൽ കേരളം ഞെട്ടിയ ഒരു അട്ടിമറിക്ക് മഞ്ചേരി സാക്ഷിയായി. സിപിഎം സ്ഥാനാർത്ഥിയായിരുന്ന ടി കെ ഹംസ ചെങ്കൊടി പാറിച്ച് പതിനാലാം ലോക്‌സഭയിൽ എത്തി. 47,743 വോട്ടിന്‍റേതായിരുന്നു ഭൂരിപക്ഷം. ഇ അഹമ്മദ് പക്ഷേ പൊന്നാനിയിൽ നിന്ന് വീണ്ടും സേയ്‌ഫായി ലോക്‌സഭയിലെത്തി. ഹംസയുടെ പ്രഹരമേറ്റത് കെപിഎ മജീദിനായിരുന്നു.

പകരം നിലവിൽ വന്ന മലപ്പുറത്ത് 2009ലും ടി കെ ഹംസ തന്നെയായിരുന്നു എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. എന്നാൽ ആ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ ഇ അഹമ്മദിനോട് ഹംസ പരാജയപ്പെട്ടു. 1,15,597വോട്ടിനായിരുന്നു തോറ്റത്. അതേസമയം, തന്നെ തോല്‍പ്പിക്കാനായി മുസ്ലീംലീഗും കോണ്‍ഗ്രസും കണ്ടെത്തിയ വഴിയാണ് മണ്ഡല പുനര്‍നിര്‍ണയമെന്നായിരുന്നു ഹംസ അന്ന് പ്രതികരിച്ചത്.

'മണ്ഡല പുനര്‍നിര്‍ണയം നടത്തിയാണ് ഒടുവില്‍ അവര്‍ എന്നെ തോല്‍പ്പിച്ചത്. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിനും ലീഗിനുമുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് മണ്ഡലം പുനസംഘടിപ്പിച്ചു. മഞ്ചേരിയില്‍ നിന്ന് എനിക്ക് വോട്ടുകിട്ടിയിരുന്ന എല്ലാ മണ്ഡലങ്ങളും മാറ്റി. ലീഗിന്‍റെ കോട്ടകള്‍ കൂട്ടി. അങ്ങനെ പൊന്നാനിയില്‍ നിന്ന് അഹമ്മദ് ഇങ്ങോട്ടെത്തി. അഹമ്മദ് വരുന്നുണ്ടെന്ന് കരുതി പേടിച്ച് ഓടേണ്ടതില്ലല്ലോ എന്നു കരുതി ഞാന്‍ വീണ്ടും മത്സരിച്ചു' അന്ന് ഹംസ പറഞ്ഞു.

പിന്നീടൊരു അങ്കത്തിനും മുതിർന്നില്ല ഹംസ. ഏത് പാര്‍ട്ടിയില്‍ പോയാലും തന്‍റെ ആദര്‍ശവും ആശയവും എല്ലാ കാലവും തന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന ടി കെ ഹംസ ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും പോരാളിക്ക് ഒരു തേരാളിയാണ്.

Last Updated : Mar 6, 2024, 10:44 PM IST

ABOUT THE AUTHOR

...view details