കണ്ണൂർ :തെരഞ്ഞെടുപ്പ് കാലത്തെ ചുവരെഴുത്തുകൾ കലാസൗന്ദര്യത്തിന്‍റെ രാഷ്ട്രീയ പതിപ്പുകളിൽ ഒന്നാണ്. പഴമകൾ പുതുമകളായി പുതുപുത്തൻ രീതിയിൽ ആവിഷ്‌കരിക്കുമ്പോൾ തെരഞ്ഞെടുപ്പ് ചരിത്രവും പ്രചാരണ രീതികളും തൃശ്ശൂർ പൂരത്തിന്‍റെ കുടമാറ്റം പോലെ വർണ വിസ്‌മയങ്ങൾ നിറഞ്ഞതാകുന്നു.
കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് കടന്നുള്ള റോഡിൽ സ്‌പിന്നിങ്ങ് മില്ലിന്‍റെ മതിൽക്കെട്ടിൽ ഒരു ചുവരെഴുത്തുണ്ട്. 42 വർഷം മുൻപ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എഴുതിയ അതി മനോഹരമായൊരു ചുവരെഴുത്ത്. നീലം കൊണ്ടെഴുതിയ എഴുത്തും ചിഹ്നവും വെയിലും, മഴയും, മഞ്ഞുമേറ്റ് പതിറ്റാണ്ടുകള്‍ തുഴഞ്ഞുതീർക്കുമ്പോഴും മങ്ങിയെങ്കിലും അത് മാഞ്ഞിട്ടില്ല.
'എം പവിത്രന് കലപ്പയേന്തിയ കർഷകൻ അടയാളത്തിൽ വോട്ട് ചെയ്യുക' എന്നാണ് ചുമരെഴുത്തിലെ വാചകം. കലപ്പയേന്തിയ കർഷകന്‍റെ ചിഹ്നവും കാലത്തിന്‍റെ കുത്തൊഴുക്കില്‍ മായാതെ അതേപടിയുണ്ട് ഇവിടെ. ജനത പാർട്ടി സ്ഥാനാർത്ഥിയായിരുന്നു എം പവിത്രൻ.
1982ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ എഴുതിയതാണ് ഈ ചുവരെഴുത്ത്. പി ഭാസ്‌കരൻ ആയിരുന്നു എം പവിത്രന്‍റെ എതിർ സ്ഥാനാർഥി. സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം ജയിച്ചു. ആ കാലഘട്ടത്തിൽ ചുവരെഴുത്തുകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 1977 മുതൽ 1987 വരെ കണ്ണൂർ മണ്ഡലത്തിന്‍റെ എംഎൽഎ ആയിരുന്നു പി ഭാസ്‌കരൻ.