കേരളം

kerala

ETV Bharat / state

പെരുമൺ ദുരന്തം: കേരളംകണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടം നടന്നിട്ട് ഇന്നേക്ക് 36 വര്‍ഷം - Peruman train Tragedy

പെരുമൺ ദുരന്ത വാർഷിക ദിനാചരണം ഉദ്‌ഘാടനം ചെയ്‌ത് എൻ കെ പ്രേമചന്ദ്രൻ എംപി. അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ റെയിൽവേ തയ്യാറാകണമെന്നും എംപി.

By ETV Bharat Kerala Team

Published : Jul 8, 2024, 7:44 PM IST

Updated : Jul 8, 2024, 8:08 PM IST

പെരുമൺ ട്രെയിന്‍ ദുരന്തം  പെരുമൺ ദുരന്ത വാർഷിക ദിനാചരണം  PERUMAN TRAGEDY ANNIVERSARY  TRAIN ACCIDENTS IN KERALA
Peruman train Tragedy (ETV Bharat)

പെരുമൺ ദുരന്തത്തിന്‍റെ 36 വർഷങ്ങൾ (ETV Bharat)

കൊല്ലം:കേരളം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്നായ പെരുമണ്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് 36 വര്‍ഷം. 1988ൽ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്‌ടമുടി കായലിലേക്ക് ഐലന്‍റ് എക്‌സ്‌പ്രസ് പതിച്ച് 105 ജീവനുകളായിരുന്നു പൊലിഞ്ഞത്. ദുരന്തത്തിന്‍റെ ദുരൂഹതകള്‍ മാറിയില്ലെങ്കിലും ഇന്നും പെരുമണ്‍കാര്‍ ഈ ദിനം ആചരിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും വിവിധ സംഘടനകളും അപകടം നടന്ന പാലത്തിന് സമീപത്തെ സ്‌മൃതി മണ്ഡപത്തിലെത്തി വിടപറഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർഥിച്ചു. കൂടാതെ പുഷ്‌പാർച്ചനയും ഹാരാർപ്പണവും നടത്തി. എൻ കെ പ്രേമചന്ദ്രൻ എംപി ദുരന്ത സ്‌മാരക സ്‌തൂപത്തിൽ ഹാരം സമർപ്പിച്ചു. തുടർന്ന് നടന്ന പെരുമൺ ദുരന്ത വാർഷിക ദിനാചരണം അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.

ദുരന്തം നടന്ന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റെയിൽവേ അതിന് തയ്യാറാകണമെന്നും എംപി ആവിശ്യപ്പെട്ടു. പല പ്രാവിശ്യം ഈ പ്രശ്‌നം പാർലമെന്‍റിൽ അവതരിപ്പിച്ചതാണ്. ഇനിയും വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഐഎൻടിസിയുടെ നേതൃത്വത്തിൽ ദുരന്തം നടന്ന പാലത്തിന് സമീപത്തെ അഷ്‌ടമുടി കായലിൽ 105 റോസാപൂക്കൾ എൻ കെ പ്രേമചന്ദ്രൻ എംപിയുടെ നേത്വത്തിൽ ഒഴുക്കി.

ജൂലൈ 8 പെരുമണ്‍കാര്‍ക്ക് ഇന്നും നടുക്കുന്ന ഓര്‍മയാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐലന്‍റ് എക്‌സ്‌പ്രസാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിന്‍ പാലം കടന്നെങ്കിലും പിന്നിലെ ബോഗികള്‍ പാളം തെറ്റി. 10 ബോഗികള്‍ അഷ്‌ടമുടി കായലിലേക്ക് പതിച്ച്, 105 ആളുകൾക്ക് ജീവൻ നഷ്‌ടമായി. നിരവധി യാത്രക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് ദുരന്തത്തിന്‍റെ ആഘാതം കുറച്ചെങ്കിലും നിയന്ത്രിക്കാനായത്. 36 വര്‍ഷം പിന്നിട്ടിട്ടും നാടിനെയാകെ നടുക്കിയ അപകടത്തിന്‍റെ യഥാർഥ കാരണം ഇപ്പോഴും അവ്യക്തമാണ്. ദുരന്ത കാരണം ചുഴലിക്കാറ്റാണ് എന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍. എന്നാല്‍ നാട്ടുകാരിൽ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. ദുരന്തത്തിന്‍റെ കാരണം കണ്ടെത്താന്‍ നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല.

ചടങ്ങിൽ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്‌ണ, അനുസ്‌മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ വി ഷാജി, വിവിധ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാര്യ പ്രവർത്തകർ പങ്കെടുത്തു. അനുസ്‌മരണ ചടങ്ങിനോടനുബന്ധിച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

ALSO READ:ട്രെയിന്‍ ബര്‍ത്ത് തകരുന്നത് തുടര്‍ക്കഥ; മിഡിൽ ബർത്ത് തകർന്നുവീണ് വയോധികന് ഗുരുതര പരിക്ക്

Last Updated : Jul 8, 2024, 8:08 PM IST

ABOUT THE AUTHOR

...view details