കോട്ടയം: രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് കോട്ടയത്തും ആവര്‍ത്തിച്ച് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയും പിണറായിയും തമ്മിൽ ധാരണയിലാണ് നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും രാഹുല്‍ ഗാന്ധി ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വനിതകൾക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിർധനരായ വനികൾക്ക് പ്രതിവർഷം 1 ലക്ഷം രൂപ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുൽ പറഞ്ഞു. വനിതകൾക്ക് എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും 50 ശതമാനം സംവരണം നൽകുമെന്നും രാഹുൽ ഗാന്ധി കോട്ടയത്ത് പ്രഖ്യാപിച്ചു. കർഷകർക്ക് ബാങ്ക് വായ്‌പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.